തിരുവനന്തപുരം: ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെയുള്ള വൈദ്യുതി ബില്ലുകള്‍ അടച്ചു കഴിഞ്ഞ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സബ്സിഡി, ഇന്നു മുതല്‍ ആരംഭിക്കുന്ന ബില്ലുകളില്‍ കുറവു ചെയ്യുമെന്ന് കെഎസ്‌ഇബി. ലോക്ഡൗണ്‍ കാലത്ത് അമിത ബില്‍ ഈടാക്കുന്നെന്ന പരാതി വ്യാപകമായിരുന്നു. ഇതേത്തുടര്‍ന്നാണ് സബ്സിഡി നല്‍കാന്‍ തീരുമാനിച്ചത്.

ദ്വൈമാസം 40 യൂണിറ്റോ അതില്‍ താഴെയോ ഉപയോഗമുള്ള 500 വാട്സില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി എത്ര ഉപയോഗമുണ്ടായാലും ബില്ലടയ്ക്കേണ്ട. ദ്വൈമാസ ഉപയോഗം 80 യൂണിറ്റോ, അതില്‍ താഴെയോ ഉള്ള 1000 വാട്സില്‍ താഴെ കണക്ടഡ് ലോഡുള്ള ബിപിഎല്ലുകാര്‍ക്ക് റീഡിങ് എത്രയായാലും നിരക്ക് 1.50 രൂപ/ യൂണിറ്റ്.

ശരാശരി പ്രതിമാസ ഉപയോഗം 50 യൂണിറ്റു മുതല്‍ ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബില്‍ തുകയെക്കാള്‍ അധികമായി വന്ന തുകയുടെ നിശ്ചിത ശതമാനമാണു സബ്സിഡി. 50 യൂണിറ്റ് 50%, 100 യൂണിറ്റ് 30%, 150 യൂണിറ്റ് 25%,150 യൂണിറ്റ്+ 20%

ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെയുള്ള ബില്‍ തുക കണക്കാക്കുമ്ബോള്‍, ലോക് ഡൗണ്‍ കാലയളവിനു മുന്‍പുള്ള ഡോര്‍ ലോക്ക് അഡ്ജ്സ്റ്റ്മെന്റോ, ഏതെങ്കിലും കുടിശികയോ ഉണ്ടെങ്കില്‍ അവ ഒഴിവാക്കിയായിരിക്കും സബ്സിഡി തുക/ ബില്‍ തുകയിലെ വ്യത്യാസം കണ്ടെത്തുക.സബ്സിഡി ബില്ലിലും രസീതിലും രേഖപ്പെടുത്തും. ഇക്കാലയളവിലെ വീടുകളിലെ ബില്ലടയ്ക്കാന്‍ പരമാവധി 5 പ്രതിമാസ തവണകള്‍. ഈ ബില്ലിന് ഈ വര്‍ഷം ഡിസംബര്‍ 31 വരെ പലിശ ഈടാക്കില്ല.

സബ്സിഡി ലഭിക്കുന്ന തരത്തില്‍ ബില്ലിങ് സോഫ്റ്റ്‌വെയര്‍ പരിഷ്കരിക്കുന്നത് വരെയുള്ള കാലയളവില്‍, ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളുടെ തുക അടയ്ക്കുന്നവര്‍ക്ക് ബില്‍ തുകയുടെ 70% അടയ്ക്കാന്‍ ഓപ്ഷന്‍ അനുവദിക്കും. സബ്സിഡി കണക്കാക്കിയതിനു ശേഷം ബാക്കി വരുന്ന തുക യാതൊരു പിഴയും കൂടാതെ തൊട്ടടുത്ത ബില്ലിനൊപ്പം അടയ്ക്കാം.