വത്തിക്കാൻ സിറ്റി: കോവിഡ് ആഗോള തലത്തില്‍ സൃഷ്ട്ടിച്ച പ്രതിസന്ധിയ്ക്കിടെ 270 മില്യൺ ജനങ്ങളിലേക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയ്ക്കു സഹായവുമായി ഫ്രാന്‍സിസ് പാപ്പയും. ഐക്യരാഷ്ട്ര സഭയുടെ ‘വേൾഡ് ഫുഡ് പ്രോഗ്രാ’മിന് 25,000 യൂറോ സംഭാവന നൽകിയാണ് ഫ്രാൻസിസ് പാപ്പ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനം തുടരുന്നത്. കൊറോണ മൂലം ഉണ്ടായ അസ്ഥിരതകളിലും ഭക്ഷണ ദൗർലഭ്യത്തിലും വർദ്ധിക്കുന്ന തൊഴിലില്ലായ്മയിലും സാമ്പത്തിക തകർച്ചയിലും ദരിദ്രരും ദുർബലരും അവശരുമായവർക്കും വേണ്ടിയുള്ള പാപ്പയുടെ കരുതലിന്റെ ഭാഗം കൂടിയാണ് സഹായമെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.

ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കാനാണ് കൊറോണയുടെ സ്വാധീനം നമ്മോട് ആവശ്യപ്പെുന്നതെന്ന് ‘വേൾഡ് ഫുഡ് പ്രോഗ്രാം’ എമർജൻസീസ് ഡയറക്ടർ മാർഗോട്ട് വൻ ഡെർ വെൽഡൻ പറഞ്ഞു. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ 270 മില്യൺ ജനങ്ങളുടെ വിശപ്പടക്കാനും 4.9 ബില്ല്യൻ ഡോളറിന്റെ സഹായമാണ് ‘വേൾഡ് ഫുഡ് പ്രോഗ്രാം’ ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇതിലേക്കാണ് പാപ്പ ആദ്യഘട്ട സഹായം നല്‍കിയിരിക്കുന്നത്. കോവിഡ് ആരംഭിച്ചതിന് ശേഷം ദശലക്ഷകണക്കിന് രൂപയുടെ സഹായം വത്തിക്കാന്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്.