കാന്‍പൂര്‍: ഉത്തര്‍ പ്രദേശില്‍ പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വികാസ് ദുബെയുടെ സഹായി പിടിയില്‍. ദയാശങ്കര്‍ അഗ്നിഹോത്രി എന്നായാളെയാണ് പൊലീസ് പിടികൂടിയത്. കല്യാണ്‍പൂര്‍ മേഖലയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ദയാശങ്കര്‍ കല്യാണ്‍പുര്‍ മേഖലയിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്തു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അതിവിദഗ്ധമായി ഇയാളെ കീഴ്‌പ്പെടുത്തി. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഇയാള്‍ക്ക് കാലില്‍ വെടിയേല്‍ക്കുകയും ചെയ്തു. നാടന്‍ തോക്കും വെടിയുണ്ടകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ ദയാശങ്കറും പ്രതിയാണ്. വികാസ് ദുബെയെ പിടികൂടാന്‍ പൊലീസ് സംഘം എത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നുവെന്ന് ദയാശങ്കര്‍ പൊലീസിനോട് സമ്മതിച്ചു. ചൗബേയ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിവരം ലഭിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി. പൊലീസ് സംഘം എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പേര്‍ വികാസ് ദുബെയുടെ നേതൃത്വത്തില്‍ വീട്ടിലും പുറത്തുമായി സംഘടിച്ചിരുന്നു. ഇവരാണ് പൊലീസിനെ ആക്രമിച്ചതെന്നും ദയാശങ്കര്‍ മൊഴി നല്‍കി.

അതേസമയം, വികാസ് ദുബെയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വികാസ് ദുബെയെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. ഇയാളുടെ കൂട്ടാളികളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപയും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.