കൊച്ചി: കൊച്ചിയിലെ ചക്കരപ്പറമ്ബ് ഹോളി ഡേ ഇന്‍ ഹോട്ടലില്‍ നടന്ന ‘അമ്മ’യുടെ നിര്‍വാഹകസമിതി യോഗം നിര്‍ത്തിവെച്ചു. ചരക്കപ്പറമ്ബ് കണ്ടെന്‍മെന്റ് സോണിലായതിനാല്‍ യോഗം തുടരുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം ഹോളി ഡേ ഇന്‍ ഹോട്ടല്‍ അടപ്പിക്കുകയും, യോഗം നിര്‍ത്തിവെക്കുകയും ചെയ്തു. അതേസമയം യോഗത്തില്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്തുന്നതിനായി താരങ്ങള്‍ പ്രതിഫലം കുറക്കുന്ന വിഷയത്തില്‍ തീരുമാനമായി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആവശ്യം ആദ്യം അമ്മ എതിര്‍ത്തെങ്കിലും ഇന്ന് ചേര്‍ന്ന നിര്‍വാഹസമിതി യോഗത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുകയുമായിരുന്നു. അതേസമയം പുതിയ സിനിമകളുടെ ചിത്രീകരണം ഉടന്‍ വേണ്ടെന്ന നിര്‍മാതാക്കളുടെ നിലപാടിനോട് അമ്മയ്ക്ക് വിയോജിപ്പാണുള്ളത്. പുതിയ സിനിമകള്‍ തുടങ്ങിയാല്‍ സഹകരിക്കാമെന്നാണ് സംഘടനയുടെ തീരുമാനം. എന്നാല്‍ യോഗം പാതിവഴിയില്‍ നിര്‍ത്തിവെച്ചതിനാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക തീരുമാനം ഉണ്ടായില്ലെന്നാണ് സൂചന.