കൊച്ചി: എറണാകുളത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില അത്യാസന്ന നിലയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തോപ്പുംപടി സ്വദേശിയായ 66കാരന്റെ നിലയാണ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ദീര്‍ഘനാളായി പ്രമേഹത്തിനു ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ന്യുമോണിയ ബാധയെ തുടര്‍ന്ന് ജൂണ്‍ 28ന് കളമശേരിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗം മൂര്‍ച്ഛിച്ച്‌ വൃക്കയടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറായെന്നാണ് റിപ്പോര്‍ട്ട്. ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ഇദ്ദേഹം കഴിയുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും 200 പിന്നിട്ടു. സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 38 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗബാധയേറ്റിട്ടുണ്ട്. ഇത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.