ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന് ഓഗസ്റ്റ് 15ന് മുന്‍പെത്തുമെന്ന റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള വിവാദത്തില്‍ നയം വ്യക്തമാക്കി ശാസ്ത്ര സാങ്കേതിക മന്ത്രാലയം. ബഹുജന ഉപയോഗത്തിനായി കൊവിഡ് വാക്‌സിന്‍ 2021 ന് മുന്‍പ് എത്തില്ലെന്ന് മന്ത്രലായം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കൊറോണ വൈറസിനെതിരെ കൊവാക്‌സിന്‍ എന്ന വാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തിലാണെന്നും മനുഷ്യനിലെ പരീക്ഷണം കഴിഞ്ഞാല്‍ ഓഗസ്റ്റ് 15ന് മുന്‍പായി പുറത്തിറക്കും എന്നതായിരുന്നു ഐ.സി.എം.ആറിന്റെ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌) കത്ത് ഉദ്ധരിച്ചുള്ള മാധ്യമവാര്‍ത്തകള്‍. എന്നാല്‍ ഇതുവരെ മനുഷ്യനിലെ പരീക്ഷണം പോലും തുടങ്ങിയിട്ടില്ലെന്നിരിക്കെ അത്ര പെട്ടെന്ന് വാക്‌സിന്‍ പുറത്തിറക്കാനാവില്ലെന്ന വാദവുമായി ഒരു കൂട്ടം മെഡിക്കല്‍ വിദഗ്ധര്‍ രംഗത്തെത്തി. ഈ തിയ്യതി തീരുമാനിച്ചത് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മുന്നോടിയായി പ്രധാനമന്ത്രി മോദിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷവും ആരോപിച്ചു.

ഇതോടെയാണ് ശാസ്ത്ര സാങ്കേതിക മന്ത്രാലയം വിശദീകരണ കുറിപ്പ് ഇറക്കിയത്. ‘കൊവിഡ്-19 വാക്‌സിനു വേണ്ടി ആറ് ഇന്ത്യന്‍ കമ്ബനികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കൊവാക്‌സിന്‍, ഇസെഡ്‌കോവ്-ഡി എന്നീ ഇന്ത്യന്‍ വാക്‌സിനുകള്‍ ഉള്‍പ്പെടെ ലോകത്താകമാനം 140 എണ്ണത്തില്‍ 11 എണ്ണം മനുഷ്യപരീക്ഷണ ഘട്ടത്തിലാണ്. ഇതില്‍ ഒന്നും 2021ന് മുന്‍പ് ബഹുജന ഉപയോഗത്തിനായി എത്തില്ല’- വാര്‍ത്താക്കുറിപ്പില്‍ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി.

ബ്രിട്ടീഷ് കമ്ബനിയായ അസ്ത്രസെനീക്കയുടെ എഇസെഡ് ഡി1222, യു.എസ് കമ്ബനിയായ മോഡേര്‍ണയുടെ എം.ആര്‍.എന്‍.എ- 1273 എന്നീ വാക്‌സിനുകള്‍ ഇന്ത്യന്‍ കമ്ബനികളുമായി ഉല്‍പാദന കരാറില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും അവരുടെ വാക്‌സിന്റെ സുരക്ഷയും ഫലപ്രദമാണെന്നും തെളിയിക്കേണ്ടതുണ്ടെന്നും മന്ത്രാലയം കുറിപ്പില്‍ പറഞ്ഞു. ഇരു കമ്ബനികള്‍ക്കും രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങള്‍ സുരക്ഷിതത്വം ഉറപ്പാക്കാനും മൂന്നാംഘട്ട പരീക്ഷണം ഫലപ്രദമാണോയെന്ന് പരീക്ഷിക്കാനുമാണ് നടക്കുന്നത്. ഓരോ ഘട്ടത്തിനും മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടിവന്നേക്കും.