മുംബൈ : ആശുപത്രിയില്‍ ഇടമില്ലാത്തതിനാല്‍ കോവിഡ് രോഗി ഒരു ദിവസം മുഴുവന്‍ ആംബുലന്‍സില്‍ കഴിയേണ്ടി വന്നതായി പരാതി . നവി മുംബൈ സ്വദേശിയായ 64കാരനാണ് ഈ ദുരനുഭവമുണ്ടായത് . ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ 32000 രൂപയുടെ കുത്തിവയ്പിന് പണമില്ലാതെ കുടംബം പ്രതിസന്ധിയിലായി . നാലാം ദിവസം രോഗി മരണപ്പെട്ടു . മുംബൈയില്‍ മ്യൂസിക് ബാന്‍ഡിലെ ഗായകനായിരുന്നു ഇയാള്‍ .

ശ്വാസതടസം മൂലം ജൂണ്‍ 20നാണ് ഇയാളെ നവി മുംബൈയിലെ വാഷിയിലുള്ള മുനിസിപ്പല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ എത്തിച്ചത് . അവിടെ രോഗിക്കാവശ്യമായ ഓക്സിജന്‍ ഉണ്ടായിരുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ പലതും രോഗിയെ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചു . തുടര്‍ന്ന്, ആംബുലന്‍സ് വിളിച്ച്‌ ഓക്സിജന്‍ നല്‍കുകയായിരുന്നു ഇന്ന് മകന്‍ പറഞ്ഞു . ആ ദിവസം മുഴുവന്‍ രോഗി ആംബുലന്‍സില്‍ കഴിഞ്ഞു . അടുത്ത ദിവസം കോപര്‍ ഖൈര്‍ണെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 32000 രൂപയുടെ കുത്തിവയ്പ് നല്‍കണമെന്നാണ് അധികൃതര്‍ പറഞ്ഞു . സഹായത്തിനായി മകന്‍ കോര്‍പറേഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല .

മരണശേഷം മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് മൃതദേഹം കൊണ്ടുപോകാന്‍ ആളെത്തിയത്. സഹായത്തിന് ആരുമുണ്ടായില്ല. താനും സഹോദരനും ചേര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോയതെന്ന് മകന്‍ പറഞ്ഞു.