പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മടങ്ങി. പാലക്കാട് സുഹൃത്തിന്‍റെ വീട്ടില്‍ നിരീക്ഷണത്തിലിരിക്കെയാണ് ഇയാള്‍ കെഎസ്‌ആര്‍ടിസി ബസ്സില്‍ കണ്ണൂരിലേക്ക് യാത്ര ചെയ്തത്. യാത്രയ്ക്കിടെ കൊയിലാണ്ടിയില്‍ വെച്ച്‌ പൊലീസ് പിടികൂടി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

കഴിഞ്ഞ മാസം 23ന് സുഹൃത്തുക്കള്‍ക്കൊപ്പം മധുരയില്‍ നിന്നെത്തിയതാണ് കണ്ണൂര്‍ സ്വദേശി. ഒപ്പമുണ്ടായിരുന്ന പാലക്കാട് തൃത്താല സ്വദേശിയായ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഇരുവരുടെയും ശ്രവ പരിശോധനാ ഫലം ലഭിച്ചതറിയിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ സുഹൃത്തിന്‍റെ വീട്ടില്‍ തന്നെയുണ്ടായിരുന്നു. പിന്നാടാണ് മറ്റൊരു സുഹൃത്തിനൊപ്പം ബൈക്കില്‍ നാട്ടിലേക്ക് മടങ്ങിയത്.

ആരോ​ഗ്യപ്രവര്‍ത്തകര്‍ വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് നാട്ടിലേക്ക് മടങ്ങിയതായി അറിഞ്ഞത്. തുടര്‍പ്പ് പൊലീസിനെ വിവരമറിയിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൊയിലാണ്ടിയില്‍ വച്ച്‌ ഇയാളെ കണ്ടതായി വിവരം ലഭിച്ചു.

സുഹൃത്തിന്റെ ബൈക്കില്‍ കോഴിക്കോടെത്തിയ ഇയാള്‍ കെഎസ്‌ആര്‍ടിസി ബസ്സില്‍ കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാളെ കണ്ണൂരിലെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. പാലക്കാട് തൃത്താല പൊലീസ് ഇയാള്‍ക്കെതിരെയും സുഹൃത്തിനെതിരെയും കേസെടുത്തു