അബുദാബി:ലോകത്താകമാനം കൊവിഡ് രോഗബാധ വ്യാപിച്ചു കൊണ്ടിരിക്കെ നിയന്ത്രണങ്ങള്‍ക്ക് പൂര്‍ണമായും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ. യു.എ.ഇയില്‍ നേരത്തെയും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തലസ്ഥാനമായ അബുദാബി നിയന്ത്രണങ്ങള്‍ക്ക് പൂര്‍ണമായ ഇളവുകള്‍ നല്‍കിയിരുന്നില്ല. ദുബായിലാണ് ഏറ്റവും ആദ്യം നിയന്ത്രണങ്ങള്‍ മാറ്റിയത്. ആദ്യഘട്ടത്തില്‍ പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇതിന് വിലക്കുണ്ടായിരുന്നു. പിന്നീട്, ഘട്ടം ഘട്ടമായി ഈ നിയന്ത്രണങ്ങള്‍ എല്ലാം ദുബായ് പിന്‍വലിച്ചിരുന്നു. എന്നാല്‍ അബുദാബി കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് ചെയ്തത്.

ബീച്ചുകളും പാര്‍ക്കുകളും തുറക്കുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുന്‍സിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചിരിക്കുന്നത്. എന്നാല്‍, നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പാര്‍ക്കുകളിലേക്കും മറ്റും പോകുവാനുള്ള അനുമതിയുണ്ടാകു. അതിനായി സ്മാര്‍ട്ട് ഹബ്ബ് എന്ന പ്ലാറ്റ്‌ഫോമും ഉപയോഗിക്കാവുന്നതാണ്. 40 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു.എമിറേറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന അല്‍ ഹോസന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കൊവിഡ് ടെസ്റ്റ് നെഗറ്റീവാണെന്ന് തെളിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂട്ടമായി എത്തുന്നവര്‍ക്കും മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു സംഘത്തില്‍ അങ്ങേയറ്റം അഞ്ചുപേര്‍ക്ക് വരെയാണ് എത്താന്‍ സാധിക്കുക. അതിന് പുറമെ ആളുകള്‍ സാമൂഹിക അകലം കൃത്യമായി പാലിച്ചിരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. വ്യക്തികള്‍ തമ്മില്‍ 2.5 മീറ്റര്‍ അകലമാണ് പാലിക്കേണ്ടത്. ഈ നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുുണ്ട്.