ഡാലസ് ∙ കൊറോണ വൈറസ് ഡാലസ് കൗണ്ടിയിൽ അനിയന്ത്രിതമായി പെരുകുന്നു. ജൂൺ 3 വെള്ളിയാഴ്ച വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ്. ഇതുവരെ ഏറ്റവും കൂടുതൽ 700 ലധികമായിരുന്നുവെങ്കിൽ ജൂലൈ 3ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1085 ആയി ഉയർന്നു. ആറു മരണവും  ഡാലസ് കൗണ്ടിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഡാലസ് കൗണ്ടി ഹെൽത്ത് ആന്റ് ഹൂമൺ സർവീസസ് ഡയറക്ടർ ഡോ. ഫിലിപ്പ് ഹുയാംഗ് കൗണ്ടിയിലെ സ്ഥിതി അതീവ ഗൗരവമാണെന്നും, ജനങ്ങൾ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2020 മാർച്ച് മാസം മുതൽ ഡാലസ് കൗണ്ടിയിൽ മാത്രം ഇതുവരെ 23675 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 393 മരണങ്ങൾ ഉണ്ടായതായും കൗണ്ടി ജഡ്ജി ക്ലെ ജൻങ്കിൻസ് പറഞ്ഞു. ഈയൊരാഴ്ചയിൽ മാത്രം 4641 കേസ്സുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ നാലിന് സോഷ്യൽ ഗാതറിങ്ങ് ഒഴിവാക്കണമെന്നും ജഡ്ജി നിർദേശിച്ചു. മെമ്മോറിയൽ ഡേയിൽ ആവശ്യമായ മുൻ‍ കരുതലുകൾ സ്വീകരിക്കാതിരുന്നതാണ് രോഗം അനിയന്ത്രിതമായി കൗണ്ടിയിൽ വർധിക്കുന്നതിനിടയാക്കിയതെന്നും ജഡ്ജി പറഞ്ഞു.