കൊച്ചി > രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ പൊലീസ് പരിശോധന ശക്തമാക്കി. നഗരത്തിലെ കലൂര്‍, എംജി റോഡ്, പാലാരിവട്ടം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മാസ്ക് ധരിക്കാത്ത നിരവധി പേരെ താക്കീത് ചെയ്ത് വിട്ടു. നിയമലംഘനം തുടര്‍ന്നാല്‍ കേസെടുക്കുക അടക്കം കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.

ശനിയാഴ്ച ചമ്ബക്കര മാര്‍ക്കറ്റില്‍ പൊലീസും കൊച്ചി നഗരസഭാ ഉദ്യോഗസ്ഥരും പരിശോധന നടത്തി. മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും നിരവധി പേരെ കസ്റ്റഡിയിലെടുത്തു. നഗരസഭ സെക്രട്ടറിയുടെയും ഡിസിപി ജി പൂങ്കുഴലിയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ മാര്‍ക്കറ്റ് അടച്ചിടേണ്ടി വരുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന മൊത്തക്കച്ചവടക്കാര്‍ അതത് കോര്‍പറേഷനുകളില്‍ നിന്ന് പാസ് വാങ്ങണം. പാസിന് സമയ നിയന്ത്രണമുണ്ടാകും. മാര്‍ക്കറ്റിന്റെ എന്‍ട്രി, എക്സിറ്റ് പോയിന്റുകളില്‍ പൊലീസ് പരിശോധനയുണ്ടാവും.

നഗരത്തില്‍ നിയന്ത്രണം

കോവിഡ് ഭീഷണി രൂക്ഷമായ സാഹചര്യത്തില്‍ കൊച്ചി നഗരസഭ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയതായി മേയര്‍ സൗമിനി ജെയിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരക്ക് ഒഴിവാക്കുന്നതിന് ജനസേവനകേന്ദ്രം എറണാകുളം ലോ കോളേജിനുസമീപത്തെ ‘യാത്രാ’ ഓഡിറ്റോറിയത്തിലേക്ക് തിങ്കളാഴ്ചമുതല്‍ മാറ്റിസ്ഥാപിക്കും. നഗരസഭാ ആസ്ഥാനത്തും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. മേയര്‍, ഡെപ്യൂട്ടി മേയര്‍ തുടങ്ങിയവര്‍ സന്ദര്‍ശകരെ സ്വീകരിക്കില്ല. പരാതികള്‍ക്ക് ഫോണ്‍വഴി പരിഹാരം തേടാന്‍ ശ്രമിക്കണം. നികുതി പിരിക്കുന്നതിനുള്ള ഗൃഹസന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ബില്‍ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

കടകള്‍, മാര്‍ക്കറ്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കൂട്ടംകൂടരുത്. രണ്ടാഴ്ചത്തേക്ക് സമരപരിപാടികള്‍ ഒഴിവാക്കണം. മുതിര്‍ന്ന പൗരരും കുട്ടികളും വീട്ടില്‍ത്തന്നെ കഴിയണം. ബന്ധുഗൃഹസന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, വിവാഹം, മരണം, മരണാനന്തരചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണം. ബ്രോഡ്വേ, പള്ളുരുത്തി മാര്‍ക്കറ്റുകള്‍ അടച്ചതോടെ തിരക്കേറിയ തോപ്പുംപടി മാര്‍ക്കറ്റില്‍ സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഹെല്‍ത്ത് ഓഫീസര്‍മാരെ നിയോഗിക്കും.

കലൂര്‍ എജെ ഹാള്‍, മട്ടാഞ്ചേരി ടൗണ്‍ ഹാള്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ നാല് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍കൂടി സജ്ജമാക്കും. ഇതിനുപുറമെ ഓരോ ഡിവിഷനിലും ഒരു ക്വാറന്റൈന്‍ കേന്ദ്രംവീതം കണ്ടെത്തിയതായും മേയര്‍ പറഞ്ഞു.