തൃശൂര്‍: ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മാര്‍ച്ച്‌ രണ്ടാം വാരത്തോടെ നിര്‍ത്തിവെച്ച ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ അണ്‍ലോക്ക് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുനരാരംഭിക്കാന്‍ തീരുമാനമായി. അപേക്ഷകര്‍ക്ക് parivaahan.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിച്ച്‌ അവരവരുടെ സ്ഥലങ്ങളിലിരുന്ന് ടെസ്റ്റില്‍ പങ്കെടുക്കാം.

അപേക്ഷിക്കുമ്ബോള്‍ ആവശ്യമായ മെഡിക്കല്‍, കാഴ്ച പരിശോധന സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ വയസ്സ്, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന രേഖകളും അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ ടെസ്റ്റിനായി അപേക്ഷിക്കുമ്ബോള്‍ അപേക്ഷകന് സൗകര്യപ്രദമായ ദിവസവും തിരഞ്ഞെടുക്കാം. ടെസ്റ്റിനായി അനുവദിച്ച 30 മിനിറ്റ് സമയത്തിനുള്ളില്‍ 50 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യത്തില്‍ 30 ശരിയുത്തരങ്ങളാണ് നല്‍കേണ്ടത്. പാസായവര്‍ക്ക് സാരഥി സോഫ്റ്റ് വെയറിലൂടെ ലേണേഴ്സ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ലേണേഴ്സ് പരീക്ഷയില്‍ പരാജയപ്പെടുന്ന പക്ഷം ഓണ്‍ലൈനിലൂടെ റീ ടെസ്റ്റിനുള്ള ഫീസ് അടച്ച്‌ മറ്റൊരു പരീക്ഷാ ദിവസം തിരഞ്ഞെടുക്കാം. പരീക്ഷാ സഹായി mvd.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.