തിരുവനന്തപുരം : പാളയം വാര്‍ഡ് കണ്ടെയ്‌മെന്റ് സോണായ സാഹചര്യത്തില്‍ പാളയം കണ്ണിമേറ മാര്‍ക്കറ്റ് അടച്ചുപൂട്ടി. സാഫല്യം കോംപ്ലക്‌സിലെ സ്റ്റോര്‍ ജീവനക്കാരനായ അസം സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണം . സാഫല്യം കോംപ്ലക്‌സ് വ്യാഴാഴ്ച അടച്ചിരുന്നു. എന്നാല്‍ മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിപ്പിക്കാനായിരുന്നു കോര്‍പറേഷന്‍ തീരുമാനിച്ചത്. ഇതില്‍ ജില്ലാഭരണകൂടം ആശങ്ക അറിയിച്ചതോടെ കോര്‍പറേഷന്‍ തീരുമാനം മാറ്റുകയായിരുന്നു. മാര്‍ക്കറ്റും ഈ ഭാഗത്തെ മറ്റു കടകളും ഹോട്ടലുകളും 7 ദിവസത്തേക്കു അടച്ചിടാന്‍ മേയര്‍ കെ.ശ്രീകുമാര്‍ നിര്‍ദേശം നല്‍കി.

രാവിലെ മാര്‍ക്കറ്റിലും സാഫല്യം കോംപ്ലക്സിലും അണുനശീകരണം നടത്തുകയും ചെയ്തു. രോഗബാധിതനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയാറാക്കാന്‍ നടപടി തുടങ്ങി. 18നാണു രോഗ ലക്ഷണങ്ങള്‍ ഉണ്ടായത്. 27നു കടയില്‍ ജോലിക്കെത്തി. സ്ഥാപനത്തിലെ ജീവനക്കാര്‍ തുടങ്ങി ഒട്ടേറെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗം പേരും നഗരത്തിലെ താമസക്കാരാണ്. വഞ്ചിയൂരില്‍ ലോട്ടറി കച്ചവടക്കാരനു കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇവിടെയും നിയന്ത്രണം കടുപ്പിച്ചു.

സെക്രട്ടേറിയറ്റ് റോഡ്, ആയുര്‍വേദ കോളജ് ജംക്ഷന്‍, വഞ്ചിയൂര്‍ എന്നിവിടങ്ങളിലും അണുനശീകരണം നടത്തി. സമ്ബര്‍ക്കം വഴിയും ഉറവിടമറിയാത്തതുമായ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ തട്ടുകടകള്‍ ഉള്‍പ്പെടെ നഗരത്തിലെ മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കാവുന്ന സമയപരിധി വൈകിട്ട് 7 വരെയാക്കിയിട്ടുണ്ട്.