കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 14 പേര്‍ക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ കൂടുതല്‍ കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുക്കുന്നു. മൂവായിരം പേരെക്കൂടി കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും തുറമുഖങ്ങളിലും ആളുകള്‍ കൂടുന്നത് തടയാന്‍ അധിക നിയന്ത്രണം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയില്‍ ഒരു ദിവസത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്കത്തിലെത്തുന്നത്.

വലിയങ്ങാടിയിലെ വ്യാപാരിക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം വന്നതോടെ കൂടുതല്‍ പേരുടെ സ്രവ പരിശോധന നടത്താനും തീരുമാനിച്ചു. ഹോട്ട് സ്പോട്ടുകളില്‍ കര്‍ശന ക്രമീകരണം ഏര്‍പ്പെടുത്താനും ജില്ലാ തല അവലോകന യോഗത്തില്‍ തീരുമാനമായി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും പലയിടത്തും ജാഗ്രതയില്‍ വീഴ്ച സംഭവിക്കുന്നതായി യോഗം വിലയിരുത്തി. മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍ തുടങ്ങിയ തിരക്ക് പിടിച്ച സ്ഥലങ്ങളില്‍ പോലീസിനെ ഉപയോഗിച്ച്‌ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തും.

ജില്ലയില്‍ രോഗം നിയന്ത്രണ വിധേയമാണെങ്കിലും ഏത് സാഹചര്യത്തേയും നേരിടാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. വ്യാപാര സ്ഥാപനങ്ങളില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നില്‍ക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കാന്‍ നടപടികള്‍ കര്‍ശനമാക്കും. ആശുപത്രികളിലെ ഒപി തിരക്ക് നിയന്ത്രിക്കാന്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗികള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചികിത്സ ലഭ്യമാക്കുന്ന സംവിധാനമാണിത്. ജില്ലയിലെ 25 ആശുപത്രികളെ ബന്ധപ്പെടുത്തിയാണ് ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുക.