ചെന്നൈ : തൂത്തുക്കുടിയില്‍ അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവിലായിരുന്ന കോണ്‍സ്റ്റബിള്‍ പിടിയില്‍. സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ മുത്തുരാജ് ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ഒളിവില്‍ പോകുകയായിരുന്നു.

സാത്താന്‍കുളം പൊലീസ് സ്റ്റേഷനില്‍ മര്‍ദനം നടന്നതായി മൊഴി നല്‍കിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ രേവതി, ജില്ലാ മജിസ്ട്രേറ്റ് ഹേമയ്ക്കു മുന്‍പാകെയും മൊഴി ആവര്‍ത്തിച്ചു. അറസ്റ്റിലായ ഇന്‍സ്പെക്ടര്‍ ശ്രീധര്‍, എസ്‌ഐമാരായ രഘു ഗണേഷ്, ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ മുരുകന്‍ എന്നിവരെ ഈ മാസം 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കയാണ്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ ചിലതു വീണ്ടെടുത്തിട്ടുമുണ്ട്.

തൂത്തുക്കുടി സ്വദേശികളായ ജയരാജ് (58) മകന്‍ ബെനിക്സ് (31) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം മരണപ്പെട്ടത്. ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരിലായിരുന്നു പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.മദ്രാസ് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തത്. സംഭവത്തില്‍ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരന്നു. പിന്നാലെ സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി കോടതി സ്വമേധയാ ഇടപെടുകയായിരുന്നു.

ജയരാജിനെയും ബെനിക്സിനെയും പൂര്‍ണ്ണ നഗ്നരാക്കി ലോക്കപ്പില്‍ തള്ളി അതിക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തി എന്നാണ് പൊലീസിനെതിരേ ഉയര്‍ന്ന ആരോപണം. മൊബൈല്‍ കട നടത്തുന്ന ഇരുവരും, ലോക്ക് ഡൌണ്‍ കാലത്ത് എട്ടു മണിയോടെ അടക്കേണ്ട അവരുടെ മൊബൈല്‍ കട എട്ടു മണി കഴിഞ്ഞു പതിനഞ്ചു മിനുറ്റ് വരെ തുറന്നു വെച്ചിരുന്നു എന്നതാണ് കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച്‌ പോലീസിന്റെ വിശദീകരണം.