ന്യൂഡല്‍ഹി:  ഇനിമുതല്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും നാഷണല്‍ പെര്‍മിറ്റ് വരുന്നു. രാജ്യത്തെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമാണ് ഇത്തരം നീക്കമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1989 ലെ നാഷണല്‍ പെര്‍മിറ്റ് വ്യവസ്ഥ ഭേദഗതി ചെയ്ത് ‘ആള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ഓതറൈസേഷന്‍ ആന്റ് പെര്‍മിറ്റ് റൂള്‍സ് 2020’ എന്ന പേരില്‍ പുതിയ ചട്ടങ്ങള്‍ കൊണ്ട് വരാനാണ് പദ്ധതി.

ചരക്ക് വാഹനങ്ങള്‍ക്ക് രാജ്യത്തെവിടെയും സഞ്ചരിക്കാനുള്ള നാഷണല്‍ പെര്‍മിറ്റ് നല്‍കിയത് വിജയകരമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇതേ മാതൃകയില്‍ ടൂറിസ്റ്റ് പാസ്സഞ്ചര്‍ വാഹനങ്ങള്‍ക്കും നാഷണല്‍ പെര്‍മിറ്റ് നല്‍കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നത്. ഈ പുതിയ പദ്ധതി പ്രകാരം ഒരു ടൂറിസ്റ്റ് വെഹിക്കിള്‍ ഓപ്പറേറ്റര്‍ക്ക് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ഓതറൈസേഷനില്‍ പെര്‍മിറ്റിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.

തുടര്‍ന്ന് ചട്ട പ്രകാരം ആവശ്യപ്പെടുന്ന ഔദ്യോഗിക രേഖകളും പെര്‍മിറ്റിനായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഫീസും അടച്ചാല്‍ നിയമാനുസൃതമായ നിബന്ധനകള്‍ക്ക് വിധേയമായി 30 ദിവസത്തിനുള്ളില്‍ പെര്‍മിറ്റ് നല്‍കുന്നതാണ്. പെര്‍മിറ്റിന്റെ കാലാവധി മൂന്ന് മാസമോ, അതിന്റെ ഗുണിതങ്ങളോ ആയിരിക്കുമെന്നും പരമാവധി കാലാവധി മൂന്ന് വര്‍ഷമായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു.