ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് മാറ്റിവെച്ചു. ജൂലായ് 26ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പരീക്ഷ സെപ്തംബര്‍ 13ന് നടത്തുമെന്ന് കേന്ദ്ര മാനവിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു.

എന്‍ജിനീയറിംഗ് പ്രവേശനത്തിനുളള ജെ.ഇ.ഇ മെയിന്‍ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. ഈ പരീക്ഷകള്‍ സെപ്തംബര്‍ ഒന്നുമുതല്‍ ആറുവരെ നടക്കുമെന്ന് രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ജൂലായ് 18 മുതല്‍ 23 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്തംബര്‍ 27ന് നടക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷയും ഗുണമേന്മയുളള പഠനവും ഉറപ്പുവരുത്താനാണ് നീട്ടിവെച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പരീക്ഷകള്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടറുടെ അദ്ധ്യക്ഷതയിലുളള സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.