കോവിഡ് -19 നുള്ള ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വാക്സിന്‍ മനുഷ്യനില്‍ പരീക്ഷിച്ച്‌ നോക്കുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) അനുമതി നല്‍കിയതിന് നാല് ദിവസത്തിന് ശേഷം ഓഗസ്റ്റ് 15 നകം പൊതുജനാരോഗ്യ ഉപയോഗത്തിനായി വാക്സിന്‍ പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നതായി ഐസിഎംആര്‍ വ്യാഴാഴ്ച അറിയിച്ചു.

വാക്സിന്‍ പുറത്തിറക്കുന്നതിന്, ക്ലിനിക്കല്‍ ട്രയല്‍/പരീക്ഷണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും വേഗത്തില്‍ നടപ്പിലാക്കാന്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചുകൊണ്ട് വാക്സിന്റെ ട്രയലില്‍ പങ്കെടുക്കുന്ന 12 സ്ഥാപനങ്ങള്‍ക്ക് ജൂലൈ 2 ന് കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ കത്തെഴുതി. വാക്സിന്‍ പരിശോധിക്കുന്ന ആളുകളുടെ പേര് ജൂലൈ 7 ന് മുമ്ബ് ചേര്‍ക്കണമെന്ന് ഇതില്‍ പറയുന്നു.

ഈ നിര്‍ദ്ദേശം പാലിക്കാത്തത് വളരെ ഗൗരവമായി കാണും എന്നും വാക്സിന്‍ പുറത്തിറക്കുന്നത് സര്‍ക്കാരിന്‍റെ മുന്‍‌ഗണനയാണ് എന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കി.

ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്ബനിയായ ഭാരത് ബയോടെക്, ഐസിഎംആര്‍ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് പരിശോധിക്കപ്പെടേണ്ട കോവാക്സിന്‍ എന്ന വാക്സിന്‍. മനുഷ്യനില്‍ ട്രയല്‍ കുത്തിവയ്പ്പ് നടത്താന്‍ ജൂണ്‍ 29 നാണ് ഇതിന് അംഗീകാരം ലഭിച്ചത്. ഫലത്തില്‍, ട്രയലിന് അംഗീകാരം ലഭിച്ച്‌ രണ്ട് മാസത്തിനുള്ളില്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനായി വാക്സിന്‍ പുറത്തിറക്കുമെന്ന് ഐസിഎംആര്‍ പറയുന്നു. എന്നാല്‍ ലോകത്തെവിടെയും കേള്‍ക്കാത്ത ഒരു സമയക്രമമാണിത്.

എന്നാല്‍ ഐസിഎംആറിന്റെ തീരുമാനത്തെ വിമര്‍ശിച്ച്‌ നിരവധി വിദഗ്‌ദ്ധര്‍ രംഗത്തെത്തി. “ഒരു ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കുന്നതിന് മുമ്ബായി ലോകത്തെവിടെയും ആരെങ്കിലും പുതിയ വാക്സിന്‍ പുറത്തിറക്കുന്നതിന് മുന്‍‌കൂട്ടി തീയതി നിശ്ചയിച്ചതായി ഞാന്‍ കേട്ടിട്ടില്ല, ശാസ്ത്രം അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്,” ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ എത്തിക്സ് എഡിറ്ററും പബ്ലിക് ഹെല്‍ത്ത് ആക്ടിവിസ്റ്റുമായ അമര്‍ ജെസാനി പറഞ്ഞതായി ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബല്‍റാം ഭാര്‍ഗവയുടെ കത്ത് താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ സമയപരിധി വളരെ ചെറുതാണെന്ന് സമ്മതിക്കുന്നതായും ഐസിഎംആറിന്റെ ബയോഇത്തിക്‌സ് സെല്ലിന്റെ എത്തിക്‌സ് അഡ്വൈസറി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത മുത്തുസ്വാമി പറഞ്ഞു.

“പൊതുവായ അനുഭവമനുസരിച്ച്‌, ഒരു വാക്സിന്‍ പുറത്തിറക്കണോ എന്ന് തീരുമാനിക്കാന്‍ ഒരു മാസം എന്നത് വളരെ ചുരുങ്ങിയ സമയമാണ്. കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോയാല്‍ തന്നെ, കുറഞ്ഞത് ഒരു വര്‍ഷമെടുക്കും,” അവര്‍ പറഞ്ഞു.