കൊച്ചി> ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പിതാവ് ആക്രമിച്ച സംഭവത്തില് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. എറണാകുളം ജില്ലാ ശിശുക്ഷേമസമിതി ഇടപെട്ടതിനെ തുടര്ന്നാണ് കേസെടുത്തത്. തിരുവാങ്കുളം വില്ലേജില് കേശവന് പടി റബാന്കുന്ന് റോഡില് വാടകയ്ക്കു താമസിക്കുന്ന ആനന്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതിന്റെ ചിത്രങ്ങള് അടക്കമുള്ള പരാതി ലഭിച്ചതിനെ തുടര്ന്നാണ് എറണാകുളം ജില്ല ശിശുക്ഷേമ സമിതി പ്രതിനിധികള് വെള്ളിയാഴ്ച രാവിലെ കുട്ടി താമസിക്കുന്ന റബാന് കുന്ന് റോഡിലെ വീട്ടില് എത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതി വളരെ മോശമായിട്ടാണ് ശിശുക്ഷേമസമിതി ഭാരവാഹികളോടും ആശാ വര്ക്കറോടും ജനപ്രതിനിധികളോടും പ്രതികരിച്ചത്. പിതാവിന്റെ മര്ദ്ദനത്തെ തുടര്ന്ന് ഒരു മാസത്തോളം കുട്ടി എറണാകുളം ജനറല് ആശുപത്രിയില് ചികിത്സ തേടിയിരുന്നു. ജനറല് ആശുപത്രിയില് നിന്നും ഡിസ്ചാര്ജ് ചെയ്തതിന്റെ മൂന്നാം ദിവസം ആണ് കുട്ടി ക്രൂരമായി വീണ്ടും പിതാവിനാല് ആക്രമിക്കപ്പെട്ടത്.എറണാകുളം ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ.കെ എസ് അരുണ്കുമാര്, സെക്രട്ടറി അഡ്വ.സുനില് ഹരീന്ദ്രന്, ട്രഷറര് പ്രൊഫ. ഡി. സലീം കുമാര്, സമിതി അംഗങ്ങളായ ജയ പരമേശ്വരന്, കെ. കെ പ്രദീപ് കുമാര് എന്നിവരാണ് കുട്ടിയുടെ വീട്ടിലെത്തിയത്.

തൃപ്പൂണിത്തുറ നഗരസഭ കൗണ്സിലര് മഞ്ജു ബിനു, ആശ വര്ക്കര് ജിനിമോള്, അംഗന്വാടി ടീച്ചറായ പ്രിന്സി എന്നിവരും സ്ഥലത്തെത്തിയിരുന്നു. തുടര്ന്ന് കുഞ്ഞിന്റെ അമ്മയെ നേരില് കണ്ട് വിശദാംശങ്ങള് ആരാഞ്ഞു. ആദ്യം മര്ദ്ദന വിവരം പുറത്തുപറയാന് മടിച്ച കുട്ടിയുടെ അമ്മ, പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം, താനും കുട്ടിയും നേരിട്ട മര്ദ്ദനങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു

തുടര്ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില് എത്തിച്ച്‌ കുട്ടിക്ക് പരിശോധനയും ചികിത്സയും നല്കി. കുട്ടിക്ക് മെച്ചപ്പെട്ട ഏതുതരം ചികിത്സയും ഉറപ്പുവരുത്തുമെന്നും സര്ക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ശിശുക്ഷേമസമിതി അറിയിച്ചു.

അങ്കമാലിയില് പിതാവിന്റെ ആക്രമണത്തിനിരയായ കുട്ടി സുഖം പ്രാപിക്കുന്നതിനിടയിലാണ് തിരുവാങ്കുളത്തെ കുട്ടിയും പിതാവിനാല് ആക്രമിക്കപ്പെട്ടത്. കുട്ടികള്ക്കെതിരായ ഏത് തരം അതിക്രമങ്ങളെയും തടയാന് സമൂഹ മനസ്സാക്ഷി ഉണരണം. കുട്ടികള്ക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കരുത്. ഇത്തരം സംഭവങ്ങള്ക്ക് നേതൃത്വം നല്കുന്നവര് നാടിന് അപമാനമാണെന്നും ശിശുക്ഷേമ സമിതി വാര്ത്താക്കുറിപ്പില് അറിയിച്ചു.