ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സേനയും ചെെനീസ് സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഇരു രാജ്യങ്ങളും പ്രശ്നപരിഹാരത്തിനായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയിരുന്നു. സൈനിക തല ചര്‍ച്ചകള്‍ ഉള്‍പ്പെടെ നടത്തിയിട്ടും പരിഹാരം കാണാനായില്ല. വിവിധ രാഷ്‌ട്രങ്ങളും വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാപ്പനീസ് അംബാസിഡര്‍ സതോഷി സുസുക്കി ഇന്ത്യക്ക് അനുകൂല നിലപാടുമായി രംഗത്തെത്തിയത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഏകപക്ഷീയമായി സ്ഥിതിഗതികള്‍ മാറ്റാനുള്ള ശ്രമത്തെ ജപ്പാന്‍ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയുമായുള്ള സംഭാഷണത്തെ തുടര്‍ന്ന് തന്റെ ഔദ്യോഗിക ട്വീറ്റലൂടെയാണ് സതോഷി സുസുക്കി ഈ കാര്യം അറിയിച്ചത്.

“ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയുമായി നല്ല സംഭാഷണം നടത്തി. സമാധാനപരമായ പരിഹാരം പിന്തുടരാനുള്ള ജി ഒ‌ ഐയുടെ നയം ഉള്‍പ്പെടെ എല്‍‌ എസി യി ലെ സാഹചര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ അഭിനന്ദിക്കുന്നു. ചര്‍ച്ചകളിലൂടെ പരിഹാരമുണ്ടാകുമെന്ന് ജപ്പാന്‍ പ്രതീക്ഷിക്കുന്നു. സ്ഥിതിഗതികള്‍ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാന്‍ എതിര്‍ക്കുന്നു, “സുസുക്കി ട്വീറ്റ് ചെയ്തു.അതിര്‍ത്തിയില്‍ വീരചരമം പ്രാപിച്ച ധീര ജവാന്‍മാര്‍ക്ക് അനുശോചനം അറിയിച്ചു ജൂണ്‍ 19 ന് സുസുക്കി ട്വീറ്റ് ചെയ്തിരുന്നു. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികരുമായി മുഖാമുഖം ഏറ്റുമുട്ടി മരിച്ച ഇന്ത്യന്‍ സൈനികരെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരുന്നത്.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജപ്പാന്‍ മാരിടൈം സ്വയം പ്രതിരോധ സേനയുടെ പരിശീലന കപ്പലുകള്‍ ജൂണ്‍ 27 ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രണ്ട് ഇന്ത്യന്‍ യുദ്ധക്കപ്പലുകളുമായി അഭ്യാസം നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള 15- മത്തെ അഭ്യാസമാണിത്. ഇന്ത്യന്‍ നാവികസേനയുമായി പരസ്പര ധാരണയും വിശ്വാസവും വളര്‍ത്തുന്നതിനുള്ള ഒരു നല്ല പരിശീലനമാണിതെന്നും ന്യൂഡല്‍ഹിയിലെ ജാപ്പനീസ് മിഷന്റെ ഡെപ്യൂട്ടി ചീഫ് തോഷിഹൈഡ് ആന്‍ഡോ പറഞ്ഞു.

കിഴക്കന്‍ ചൈനാ സമുദ്രത്തിലെ തര്‍ക്കമുള്ള സെന്‍കാക്ക് ദ്വീപുകള്‍ക്ക് സമീപം ചൈനയുടെ രണ്ട് കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ജാപ്പനീസ് പ്രദേശത്തേക്ക് കടന്നതിനെതിരെ ജപ്പാന്‍ വെള്ളിയാഴ്ച ചൈനയോട് ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ- ചെെന വിഷയത്തില്‍ ഇന്ത്യക്ക് അനുകൂല നിലപാടുമായി ജാപ്പനീസ് അംബാസിഡര്‍ സതോഷി സുസുക്കി രംഗത്തെത്തിയത്.