തിരുവനന്തപുരം : കോവിഡ് സമൂഹവ്യാപനമുണ്ടോ എന്നറിയാന്‍ 14 ജില്ലകളിലെ 10,000 പേരില്‍ നടത്തിയ ആദ്യഘട്ട ആന്റിബോഡി പരിശോധനയുടെ ഫലം ഉപേക്ഷിക്കാന്‍ നീക്കം. ആരോഗ്യവകുപ്പ് കണക്കാക്കിയതിലും കൂടുതല്‍ പോസിറ്റീവ് ആയതോടെ പരിശോധനാ കിറ്റുകളുടെ ഗുണമേന്മയില്‍ സംശയം ഉയര്‍ന്നതാണു കാരണം. ഫലം സര്‍ക്കാര്‍ വിദഗ്ധസമിതി ആവശ്യപ്പെട്ടിരുന്നെങ്കിലും കൈമാറിയില്ല.

പരിശോധന നടത്തിയ ജൂണ്‍ 8നു ശേഷം അവലോകന യോഗങ്ങളില്‍ ആരോഗ്യവകുപ്പു സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടുകളിലും ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എച്ച്‌എല്‍എല്ലില്‍ നിന്നു ലഭിച്ച കിറ്റുകള്‍ ഉപയോഗിച്ച്‌ ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് എന്നിവരുള്‍പ്പെടെയുള്ളവരിലായിരുന്നു പരിശോധന. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആശങ്കപ്പെടാനില്ലെന്നു മാത്രമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് ഫലം കാണിക്കുന്നതും വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കുറഞ്ഞ പോസിറ്റീവ് ഫലം കാണിക്കുന്നതും ഇത്തരം പരിശോധനകളില്‍ പതിവാണെന്നും ഫലം ശാസ്ത്രീയമായി അപഗ്രഥിച്ചു നിഗമനങ്ങളില്‍ എത്തുകയാണു വേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.