പാളയം:  പാളയം സാഫല്യം കോപ്ലക്‌സില്‍ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സാഫല്യം കോപ്ലക്‌സിന് പുറമെ പാളയം മാര്‍ക്കറ്റും, ഏഴ് ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതായി മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു.

പാളയം മാര്‍ക്കറ്റും പരിസരവും,സാഫല്യം കോപ്ലക്‌സുമെല്ലാം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നേരത്തെ നിയന്ത്രണങ്ങളോടെ തുറക്കാന്‍ തീരുമാനിച്ചിരുന്ന പാളയം മാര്‍ക്കറ്റ് കൂടി ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണണമായും അടച്ചിടാന്‍ നഗരസഭ തീരുമാനിച്ചതെന്ന് മേയര്‍ പറഞ്ഞു.

കൂടാതെ പാളയം പരിസരത്തെ വലിയ തിരക്ക് അനുഭവപ്പെടുന്ന കടകളും, ഹോട്ടലുകളും ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാളയം മാര്‍ക്കറ്റിന് മുന്‍പിലുള്ള തെരുവോര കച്ചവടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ ചായ തട്ടുകളും അടഞ്ഞ് കിടക്കും.

പാളയം മാര്‍ക്കറ്റില്‍ നിന്ന് തുടങ്ങി, സാഫല്യം കോപ്ലക്സ്, സെക്രട്ടേറിയേറ്റ് പരിസരം, ആയുര്‍വേദ കോളജ് പരിസരം എന്നിവിടങ്ങളിലും വഞ്ചിയൂര്‍ വരെയും മേയര്‍ കെ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നഗരസഭയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി. കൂടാതെ പാളയം വാര്‍ഡില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.

ആള്‍ക്കൂട്ടം കുറയ്ക്കുന്നതിനായി നേരത്തെ ചാല, പാളയം മാര്‍ക്കറ്റുകളിലും
നഗരത്തിലെ മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാത്രമായി നഗരസഭ ഏര്‍പ്പടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് സമാനമായുള്ള നിയന്ത്രണങ്ങള്‍ നഗരത്തിലെ തിരക്കുള്ള മുഴുവന്‍ സൂപ്പര്‍ മര്‍ക്കറ്റുകളിലേക്കും, മറ്റ് മാര്‍ക്കറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു.