ന്യൂഡല്‍ഹി : അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം കനത്തതിനു പിന്നാലെ സായുധ സേനകളുടെ ആക്രമണശേഷി വര്‍ധിപ്പിക്കാന്‍ 38,900 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്കു കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. 33 യുദ്ധവിമാനങ്ങള്‍, 1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകള്‍, റോക്കറ്റ് സന്നാഹം, സായുധ വാഹനങ്ങള്‍ എന്നിവയടക്കം യുദ്ധസമാന സാഹചര്യങ്ങള്‍ നേരിടാനുള്ള അതിവേഗ സംഭരണമാകും നടത്തുക.

ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ് ; പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിരോധ സംഭരണ കൗണ്‍സിലിന്റേതാണു തീരുമാനം. പാക്കിസ്ഥാനും ചൈനയും അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍, ഏതു സാഹചര്യവും നേരിടാന്‍ സജ്ജം എന്ന സന്ദേശം കൂടിയാണ് ഇന്ത്യ നല്‍കുന്നത്. പദ്ധതിയിലുള്‍പ്പെട്ട 31,130 കോടി രൂപയുടെ ഉപകരണങ്ങളും ഇന്ത്യയില്‍ നിര്‍മിക്കും.

കൈകോര്‍ത്ത് ഇന്ത്യ – റഷ്യ

ചൈനയ്ക്കെതിരായ സംഘര്‍ഷത്തില്‍ റഷ്യയുടെ പിന്തുണ ഇന്ത്യ ഉറപ്പാക്കുന്നതിന്റെ സൂചന കൂടിയാണു പ്രതിരോധ സംഭരണം. യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും റഷ്യന്‍ നിര്‍മിതമോ അവരുടെ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഇന്ത്യയില്‍ നിര്‍മിക്കുന്നതോ ആണ്. റഷ്യന്‍ പ്രസിഡന്റ് വ‍്ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണു സംഭരണത്തിനു കേന്ദ്രം അനുമതി നല്‍കിയത്. കഴിഞ്ഞയാഴ്ച റഷ്യ സന്ദര്‍ശനവേളയില്‍ രാജ്നാഥ് സിങ് ഇതുസംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു. മിഗ് വിമാനങ്ങള്‍ ഏതാനും മാസങ്ങള്‍ക്കകം ലഭ്യമാക്കാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.

21 മിഗ്-29

റഷ്യയില്‍നിന്നു വാങ്ങും. സാങ്കേതിക മികവും ആക്രമണ ശേഷിയും കൂട്ടാന്‍ നിലവിലുള്ള 59 മിഗ്-29 വിമാനങ്ങള്‍ നവീകരിക്കും. ആകെ ചെലവ് 7418 കോടി

ബിഎംപി സായുധ വാഹനം

സംഘര്‍ഷ മേഖലകളിലേക്ക് സേനാംഗങ്ങളെ എത്തിക്കാനുള്ള കവചിത വാഹനം. തെലങ്കാനയിലെ മേഡക്കിലുള്ള ഒാര്‍ഡ്നന്‍സ് ഫാക്ടറിയില്‍ നിര്‍മിക്കും.

248 അസ്ത്ര മിസൈല്‍

ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈല്‍. ദൂരപരിധി: 110 കിലോമീറ്റര്‍. യുദ്ധവിമാനങ്ങളില്‍ സജ്ജമാക്കും.

നിര്‍ഭയ് ക്രൂസ് മിസൈല്‍ ദൂരപരിധി: 1000 കിലോമീറ്റര്‍ ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈല്‍ വ്യോമ, നാവിക സേനകള്‍ക്ക്.