കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പൊലീസ് കാസര്‍കോട് സ്വദേശിയായ ടിക്ടോക് താരം യാസിറിന്റെ മൊഴിയെടുക്കുന്നു. ഷംനയ്ക്ക് വിവാഹമാലോചിക്കാന്‍ പ്രതികള്‍ ഉപയോഗിച്ചത് ദുബായില്‍ ജോലി ചെയ്യുന്ന യാസിറിന്റെ ചിത്രമായിരുന്നു. ദുബായില്‍ ബിസിനസ് നടത്തുകയാണ് യാസിര്‍. നാല് മാസം മുമ്ബാണ് ഇയാള്‍ കേരളത്തിലെത്തിയത്.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ് ഉയര്‍ന്ന് വന്നതുമുതല്‍ കേള്‍ക്കുന്നതാണ് ടിക്ടോക്ക് താരത്തിന്റെ പേര്. ആദ്യം അന്‍വര്‍ എന്നായിരുന്നു. അത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. പൊലീസ് അന്വേഷണത്തിനൊടുവിലാണ് കാസര്‍കോടുകാരനായ യാസിര്‍ കൊച്ചിയിലേക്കെത്തിയിരിക്കുന്നത്.

പൊലീസ് വിളിപ്പിച്ചതുകൊണ്ടുമാത്രം വന്നതാണ്. കേസുമായി ഒരു ബന്ധവുമില്ല. ഷംനാ കാസിമിനെയോ, കേസിലെ പ്രതികളെയോ അറിയില്ല. ദുബായിലിരുന്ന സമയത്താണ് ടിക്ടോക് വീഡിയോകള്‍ ചെയ്തിരുന്നതെന്നും യാസിര്‍ പറഞ്ഞു. അതേസമയം വിവാഹ തട്ടിപ്പ് സംഘം ഷംനയുടെ വീട്ടിലെത്തിയതിന് പിന്നാലെ ഒരു നിര്‍മാതാവും ഷംനയുടെ വീട്ടിലെത്തിയിരുന്നു. ഇയാളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. വീദേശത്തുനിന്ന് സന്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെത്തിയതെന്നാണ് പൊലീസ് പറയുന്നത്.