തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ പുറത്താക്കിയ വിവരം കഴിഞ്ഞ ദിവസം യുഡിഎഫ് പുറത്ത് വിട്ടത്. മുന്നണി തീരുമാനങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന ജോസ് വിഭാഗത്തെ ഇനിയും യുഡിഎഫിൽ വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞു പുറത്താക്കൽ നടപടി സ്വീകരിച്ച യുഡിഎഫിനെതിരെ ജോസ് കെ. മാണിയും കൂട്ടരും വലിയ പ്രതിഷേധം അറിയിച്ചിരുന്നു. പുറത്താക്കലോടെ ജോസ് കെ. മാണി എൽഡിഎഫിലേക്ക് ചേക്കേറുമെന്നു റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതോടെ തുടർ ഭരണം എന്ന സിപിഎം സ്വപ്നം ഏതാണ്ട് സഫലമായ മട്ടായിരുന്നു.

എന്നാൽ യുഡിഎഫ് പുറത്താക്കി എന്ന് പ്രഖ്യാപിച്ച ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല മറിച്ച്‌ യോഗത്തിൽ സംബന്ധിക്കുന്നതിൽ നിന്നും വിലക്കിയിട്ടെ ഉള്ളൂ എന്ന് പ്രഖ്യാപിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നത് പുതിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ജോസ് കെ. മാണി എൽഡിഎഫിൽ ചേരുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം എന്നായിരുന്നു ആദ്യം ഇതിനെ സംബന്ധിച്ച് പുറത്ത് വന്ന വിവരം. യുഡിഎഫ് എന്നും കെഎം മാണിയെ ചേർത്തു നിർത്തുകയാണ് ചെയ്തത്. അദ്ദേഹത്തെയും കേരളാ കോൺഗ്രസിനെയും എന്നും എൽഡിഎഫ് വേട്ടയാടുകയാണ് ചെയ്തതെന്നും ആരോപിച്ച് ബെന്നി ബഹനാൻ രംഗത്ത് വന്നു പ്രഖ്യാപിച്ചതും ഇതേ സൂചനയാണ് നൽകിയത്.

എന്നാൽ കോൺഗ്രസ് നിലപാട് മാറ്റിയത് ഹൈക്കമാൻഡിന്റെ സമ്മർദ്ദം മൂലമാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. നിലവിൽ രാജ്യ സഭയിലും ലോക് സഭയിലും ഓരോ സീറ്റുകൾ കൈവശമുള്ള കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ പുറത്താക്കിയതിൽ ഹൈക്കമാൻഡ് കടുത്ത അമർഷം രേഖപ്പെടുത്തിയെന്നും ഉടൻ തന്നെ മുന്നണിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദ്ദേശിച്ചു എന്നുമാണ് വിവരം. ഇതോടെ ജോസഫ് പക്ഷത്തിന്റെ ഒപ്പം ചേർന്ന് യുഡിഎഫ് സ്വീകരിച്ച നിലപാട് മാറ്റാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇതോടെ ജോസ് കെ. മാണി തിരികെ യുഡിഎഫിൽ എത്തിയേക്കുമെന്നാണ് പറയപ്പെടുന്നത്.

ഇതോടെ നിലവിൽ എൽഡിഎഫിലേക്ക് ചേക്കേറാൻ ജോസ് കെ. മാണി നടത്തുന്ന പ്രവർത്തനങ്ങൾക്ക് തടയിടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കൾ. കോട്ടയം ജില്ലയിൽ വ്യക്തമായ സ്വാധീനമുള്ള ജോസ് വിഭാഗത്തിനെ പിണക്കിയാൽ വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെക്കുമെന്ന ഭയവും കോണ്ഗ്രസിനുണ്ട്. ഏന്തായാലും നിലപാട് മാറ്റിയ കോൺഗ്രസ് നേതൃത്വത്തിനെതിരെ ജോസ് കെ. മാണി പഴയ നിലപാട് തന്നെ തുടരുകയാണ്. സിപിഐ, എൻസിപി സഖ്യകക്ഷികളെ അനുനയിപ്പിച്ച് ജോസ് കെ. മാണിയെ മുന്നണിയിലെടുക്കാൻ സിപിഎം ശ്രമം തുടരുന്നതായാണ് വിവരം.