തിരുവനന്തപുരം: ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നതോടെ തലസ്ഥാനത്തെ ആശങ്ക കൂടി. നഗരത്തിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. രോഗം റിപ്പോര്‍ട് ചെയ്ത സ്ഥലങ്ങള്‍ ഇന്ന് കോര്‍പറേഷന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കും. വഞ്ചിയൂരും, കുന്നുംപ്പുറവും കണ്ടയിന്‍മെന്റ് സോണുകളാക്കും.

ഉറവിടമറിയാതെ നാലുപേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ തിരക്കേറിയ പാളയം സാഫല്യം കോംപ്ലക്സിലെ അസം സ്വദേശിയായ ജീവനക്കാരന്റെ രോഗ ഉറവിടവും വ്യക്തമല്ല. നിരവധി പേര്‍ വന്നുപോയിരുന്ന സ്റ്റേഷനറി കടയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് യാത്ര പശ്ചാത്തലവുമില്ല. രോഗലക്ഷങ്ങളോടെ 29ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സാഫല്യം കോംപ്ലക്സിനോട് ചേര്‍ന്നുള്ള പാളയം മാര്‍ക്കറ്റില്‍ അടക്കം കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് തിരുവനന്തപുരം കോര്‍പറേഷന്റെ തീരുമാനം. വഴിയോര കച്ചവക്കാരെ അനുവദിക്കില്ല.

മാര്‍ക്കറ്റിന്റെ മുന്‍ഗേറ്റിലൂടെ മാത്രമേ ആളുകളെ കടത്തിവിടുള്ളൂ. മറ്റ് വഴികള്‍ അടയ്ക്കും. മാര്‍ക്കറ്റിലെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനായി പ്രത്യേക കൗണ്ടര്‍ ഉണ്ടാകും. വഞ്ചിയൂരിലെ ലോട്ടറി കച്ചവടക്കാരന് രോഗം പിടിപ്പെട്ടത് എവിടെ നിന്നാണെന്നതിലും വ്യക്തതയില്ല. പനി ബാധിച്ച നിലയില്‍ റോഡില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ പൊലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. നേരത്തെ വഞ്ചിയൂരില്‍ തന്നെ ഉറവിടം അറിയാതെ കോവിഡ് ബാധിച്ച്‌ രമേശന്‍ മരണപ്പെട്ടിരുന്നു. വിഎസ്‍എസിയില്‍ ജോലി ചെയ്തിരുന്ന 25 കാരനാണ് നെയ്യാറ്റിന്‍കരയില്‍ രോഗം പിടിപ്പെട്ടത്. ബാലരാമപുരത്തെ 47 കാരനായ രോഗിക്കും സമ്ബര്‍ക്ക, യാത്ര പശ്ചാത്തലമില്ല. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ രോഗബാധ കണക്കിലെടുത്ത് ഓഫീസുകളിലും, ബസ് സ്റ്റോപ്പുകളിലും, സൂപ്പര്‍ മാര്‍ക്കറ്റുകളിലും, അക്ഷയ കേന്ദ്രങ്ങളിലും തിരക്ക് ഒഴിവാക്കാന്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയുണ്ടാകും. സമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ പൊലീസിനോട് മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.