ന്യൂഡല്‍ഹി: ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. കറാച്ചി സ്റ്റോക്ക് എക്‌സചേഞ്ച് ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്താന്റെ ആരോപണത്തിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം പ്രതികരണവുമായി എത്തിയത്.

പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ചിരുന്നു. ജൂണ്‍ 29 നാണ് പാകിസ്താനില്‍ കറാച്ചിയില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു നേരേ ആയുധധാരികളുടെ ആക്രമണമുണ്ടായത്. പ്രവേശന കവാടത്തില്‍ ഗ്രനേഡ് എറിഞ്ഞതിനു ശേഷമായിരുന്നു ആക്രമണം.

സംഭവത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് പാകിസ്താന്റെ ശ്രമം.