തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ കൊണ്ടുവന്ന് തുടര്‍ഭരണം നശിപ്പിക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസ് ജോസിന്റെ സ്വാധീനം പാലായില്‍ കണ്ടതാണെന്നും കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ഇടതുമുന്നണിക്ക് കേരളത്തില്‍ തുടര്‍ഭരണം കിട്ടുമെന്നും ഇനി അത് നശിപ്പിക്കാതിരുന്നാല്‍ മതിയെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം വന്നതു കൊണ്ട് എല്‍ഡിഎഫിന് പ്രത്യേകിച്ച്‌ ഗുണമൊന്നും കിട്ടാനില്ല. കേരള കോണ്‍ഗ്രസ് ജോസിന്റെ സ്വാധീനം നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പാല നിയോജക മണ്ഡലത്തില്‍ തെളിയിച്ചതാണ്. ക്രൈസ്തവ വോട്ടുകള്‍ ആരുടെയും കൈയിലല്ല. ക്രൈസ്തവ വോട്ടുകള്‍ എല്‍ഡിഎഫിനും കിട്ടും എല്ലാവര്‍ക്കും കിട്ടും. ആര്‍ക്കെങ്കിലും അതിലൊരു കുത്തക അവകാശപ്പെടാന്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിയില്ലെന്നും കാനം പറഞ്ഞു.കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വരേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി, ഒരു പുതിയ ഘടകകക്ഷിയെ മുന്നണിയിലേക്ക് ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുകയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കേരള കോണ്‍ഗ്രസുമായുള്ളത് നയപരമായ തര്‍ക്കമാണെന്നും അല്ലാതെ കുടുംബതര്‍ക്കമല്ലെന്നും കാനം പറഞ്ഞു.

അതേസമയം, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ പൂര്‍ണമായി തള്ളാത്ത നിലപാടാണ് സിപിഎമ്മിന്. ജോസ് കെ.മാണിയെ മുന്നണിയിലെടുക്കണോ എന്ന കാര്യത്തില്‍ ചര്‍ച്ച നടത്താമെന്നാണ് സിപിഎം നിലപാട്. ജോസ് കെ.മാണി വിഭാഗം പുറത്തായത് യുഡിഎഫിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറയുന്നത്.