ഹ്യുസ്റ്റൺ : കഴിഞ്ഞയാഴ്ച തുടർച്ചയായ മൂന്ന് ദിവസവും റെക്കോർഡുകൾ സൃഷ്ടിച്ച ശേഷം, ഇന്നലെ ബുധനാഴ്ച  കോവിഡ് -19 കേസുകളിൽ ടെക്സസ് സംസ്ഥാനം മറ്റൊരു നാഴികക്കല്ല് പിന്നിട്ടു.
ഇന്നലെ ജൂലൈ 1 ബുധനാഴ്ച വൈകുന്നേരം 5:00 മണിയോടെ സംസ്ഥാനത്തിൽ, 8,076 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ഇത് പാൻഡെമിക് ആരംഭിച്ചതിനുശേഷം ടെക്സാസാസ്‌ സംസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യുന്ന  ഏറ്റവും ഉയർന്ന  ഒറ്റദിവസത്തെ കണക്കാണ്.

57 പുതിയ കോവിഡ്-19 അനുബന്ധ മരണങ്ങളും സംസ്ഥാനം റിപ്പോർട്ട് ചെയ്തു, ഇത് ഏകദിന മരണസംഖ്യയിലെ രണ്ടാമത്തെ ഉയർന്ന മരണനിരക്കാണ്. മെയ് 14 നാണ് ഏറ്റവും കൂടുതൽ പേർ, (58 പേർ) മരിച്ചത്. ഇതുവരെ സംസ്ഥാനത്താകെ 2,174,548 പേരെ ടെസ്റ്റ് ചെയ്തു , ഇപ്പോൾ പോസിറ്റീവ് ആകുന്നവരുടെ  നിരക്ക് 13.58 ശതമാനമാണ്. സംസ്ഥാനത്തു മൊത്തം ആകെ 6,904 ആളുകൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.

കഴിഞ്ഞയാഴ്ച ഗവ.ഗ്രെഗ് അബോട്ട് ഗവർണർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടർന്ന് സംസ്ഥാനത്തുടനീളമുള്ള ബാറുകൾ വീണ്ടും അടച്ചു. മദ്യം / ലഹരിപാനീയ വിൽപ്പനയിൽ നിന്ന് 51 ശതമാനത്തിലധികം വരുമാനം ലഭിക്കുന്ന ബാറുകളും സമാന ബിസിനസുകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്.

റിപ്പോർട്ട് : അജു വാരിക്കാട്