കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം വന്നതുകൊണ്ട് എല്‍ഡിഎഫിന് പ്രത്യേകിച്ച് ഗുണമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് കെ മാണി വിഭാഗത്തിന്റെ സ്വാധീനം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ തെളിയിച്ചതാണ്. ക്രൈസ്തവ വോട്ടുകള്‍ ആരുടെയും കൈയിലല്ല. ആര്‍ക്കും കുത്തക അവകാശപ്പെടാന്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിയില്ലെന്നും കാനം പറഞ്ഞു.

അതേസമയം, മുന്നണി പ്രവേശനത്തില്‍ നിലവില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമാണിത്. കേരളാ കോണ്‍ഗ്രസ് അടിത്തറയുള്ള പ്രസ്ഥാനമാണ്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇപ്പോള്‍ സംഘടനയെ ബലപ്പെടുത്തി മുന്നോട്ടുപോകും. കേരളാ കോണ്‍ഗ്രസ് എം സുരക്ഷിതമാണ്. ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ല. മുന്നണികള്‍ അവരുടെ അഭിപ്രായം പറയുന്നു എന്നുമാത്രം. അത് കേരളാ കോണ്‍ഗ്രസിന് കരുത്തുണ്ടെന്ന് മനസിലായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.