ലോകമാകെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന കാഴ്ചയാണ് കാണുന്നത്. കൊവിഡ് മുക്തമെന്ന് പ്രഖ്യാപിച്ച ന്യൂസിലൻഡിൽ പോലും വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ദിനം പ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നത് പതിനായിരക്കണക്കിന് കൊവിഡ് കേസുകളാണ്. കൊവിഡ് പ്രതിസന്ധി സാധാരണ ജീവിതത്തിന്റെ ഭാഗമാകുമെന്നും അതിനൊപ്പം ജീവിക്കാൻ ശീലിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ മാസ്‌ക്, കയുറ, സാനിറ്റൈസർ എന്നിവ അടങ്ങിയ പുതിയ ജീവിത രീതിയോട് നാം സമരസപ്പെട്ട് കഴിഞ്ഞു. എന്നാൽ പുറത്തു നിന്ന് വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും എങ്ങനെ വൃത്തിയാക്കണം എന്ന് നമുക്ക് ഇപ്പോഴും അറിയില്ല. പലരും ചൂടുവെള്ളത്തിൽ ഏറെ നേരം മുക്കിവച്ചാണ് ശുചീകരണം നടത്തുന്നത്. എന്നാൽ ഇത് തന്നെയാണോ ശരിയായ രീതി ?

ഒടുവിൽ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തന്നെ പഴങ്ങളും പച്ചക്കറികളും എങ്ങനെ അണുവിമുക്തമാക്കണമെന്നതിന് മാർഗ നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെ ചിത്ര സഹിതം വിശദീകരിച്ചുകൊണ്ടാണ് എഫ്എസ്എസ്എഐ മാർഗനിർദേശങ്ങൾ വിശദീകരിച്ചത്.

ചെയ്യേണ്ടതെന്ത് ?

1. കടയിൽ നിന്ന് വാങ്ങിയ പായ്ക്കറ്റിലോ കവറിലോ തന്നെ പച്ചക്കറികൾ കുറച്ച് നേരം മറ്റു വസ്തുക്കളിൽ തൊടാത്ത രീതിയിൽ നീക്കി വയ്ക്കുക.

2. ഇതിന് ശേഷം ഇളം ചൂടുവെള്ളത്തിൽ പഴങ്ങളും പച്ചക്കറികളും കഴുകിക. ആവശ്യമെങ്കിൽ 50പിപിഎം ക്ലോറിൻ ഇളം ചൂടുവെള്ളത്തിൽ ചേർത്ത് ഇതിൽ പച്ചക്കറികൾ മുക്കി വയ്ക്കാം.

3. അടുത്തതായി കുടിവെള്ളത്തിൽ പഴങ്ങളും പച്ചക്കറികളും കഴുകാം. ഇത് അവയെ ഭക്ഷ്യയോഗ്യമാക്കും.

4. സോപ്പ്, അണുവിമുക്തമാക്കുന്ന ലായനികൾ ന്നെിവ ഒരു കാരണവശാലും ഭക്ഷണസാധനങ്ങളിൽ ഉപയോഗിക്കരുത്.

5. പഴങ്ങളും പച്ചക്കറികളും ഫ്രീസറിൽ സൂക്ഷിക്കേണ്ട കാര്യവുമില്ല. സാധാരണ ചെയ്യുന്നത് പോലെ കേടാവുന്ന ഭക്ഷണങ്ങൾ, ഫ്രീസ് ചെയ്യേണ്ട ഭക്ഷണങ്ങൾ എന്നിവ മാത്രം ഫ്രീസറിൽ വച്ചാൽ മതി. പഴങ്ങളും പച്ചക്കറികളും സാധാരണ സൂക്ഷിക്കുന്നത് പേലെ പഴക്കുട്ടകളിലും മറ്റും സൂക്ഷിക്കാം.