പാന്‍ഗോങ് തടാകത്തില്‍ നിരീക്ഷണങ്ങള്‍ക്കായി ഇന്ത്യ ഹൈ സ്പീഡ് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ അയച്ചേക്കും. അതിര്‍ത്തിയില്‍ നിരീക്ഷണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2012 മുതല്‍ 17 ക്യുആര്‍ടി (ക്യുക്ക് റിയാക്ഷന്‍ ടീം) ബോട്ടുകള്‍ ഇവിടെ നിരീക്ഷണങ്ങള്‍ക്കായി ഇന്ത്യ ഉപയോഗിച്ചിരുന്നു. എന്നാല്‍ ടൈപ്പ് -928 ബി പട്രോള്‍ ബോട്ടുകളാണ് നിലവില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

അതേസമയം, ബോട്ടുകള്‍ ഇവിടേക്ക് എത്തിക്കുകയെന്നത് ബുദ്ധിമുട്ടേറിയ പ്രക്രിയയാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബോട്ടുകള്‍ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനുള്ള സാധ്യതയെക്കുറിച്ച് പരിശോധിക്കുന്നുണ്ട്. 134 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാന്‍ഗോങ് തടാകത്തിന്റെ മൂൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ കൈവശമാണ്.

അതേസമയം, അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈനയുമായി നയതന്ത്ര ചര്‍ച്ചകള്‍ വേണമെന്ന് ഇന്ത്യന്‍ സേനയുടെ ആവശ്യം. സൈനികതല ചര്‍ച്ച അപൂര്‍ണമാണ്. അതിര്‍ത്തിയില്‍ ചൈനയുടെ സേനാവിന്യാസം നിരീക്ഷിച്ച് മാത്രം തുടര്‍നടപടിയുണ്ടാകൂ. പ്രശ്‌നത്തില്‍ റഷ്യയുടെ മധ്യസ്ഥതയ്ക്ക് ചൈന ശ്രമം തുടങ്ങിയിട്ടുണ്ട്. വ്യാപാര യുദ്ധത്തിലേക്ക് കടന്നാല്‍ ചൈന പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് ചൈന റഷ്യയെ ഉപയോഗപ്പെടുത്തി ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന നിലപാടിലാണ് ഇന്ത്യ.