മുന്നണി പ്രവേശനത്തില്‍ നിലവില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ജോസ് കെ മാണി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമാണിത്. കേരളാ കോണ്‍ഗ്രസ് അടിത്തറയുള്ള പ്രസ്ഥാനമാണ്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.

മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇപ്പോള്‍ സംഘടനയെ ബലപ്പെടുത്തി മുന്നോട്ടുപോകും. കേരളാ കോണ്‍ഗ്രസ് എം സുരക്ഷിതമാണ്. ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ല. മുന്നണികള്‍ അവരുടെ അഭിപ്രായം പറയുന്നു എന്നുമാത്രം. അത് കേരളാ കോണ്‍ഗ്രസിന് കരുത്തുണ്ടെന്ന് മനസിലായത് കൊണ്ടാണ്.

നിരവധി പരീക്ഷണങ്ങള്‍ കേരളാ കോണ്‍ഗ്രസിനുണ്ടായിട്ടുണ്ട്. അവയെല്ലാം തരണം ചെയ്ത് പാര്‍ട്ടി മുന്നോട്ടുപോയിട്ടുണ്ട്. 99 ശതമാനം പ്രവര്‍ത്തകരും പാര്‍ട്ടിക്കൊപ്പമാണെന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ കരുത്ത്. ഇടത് നേതാക്കളുടെ പ്രസ്താവനകള്‍ സ്വാഗതം ചെയ്യുന്നു. കേരളാ കോണ്‍ഗ്രസ് എം ജനങ്ങളുടെ ക്ഷേമം ലക്ഷ്യം വച്ചാണ് നിന്നത്. യുഡിഎഫിന് ജനകീയ മുഖം നല്‍കിയത് കേരളാ കോണ്‍ഗ്രസാണ്. കര്‍ഷക പെന്‍ഷന്‍, കാരുണ്യാ അടക്കമുള്ള കാര്യങ്ങളെല്ലാം കേരളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണെന്നും ജോസ് കെ മാണി പറഞ്ഞു.