ചീഫ് സെക്രട്ടറിയും ധനമന്ത്രിയും എതിര്‍ത്ത ഇ – മൊബിലിറ്റി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹെസ് എന്ന സ്വിസ് കമ്പനിയും കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡും തമ്മില്‍ സംയുക്ത സംരംഭം രൂപീകരിക്കാനും ഇതുവഴി 4500 കോടി മുതല്‍ 6000 കോടി രൂപവരെ നല്‌കേണ്ട 3000 ബസുകള്‍ നിര്‍മിക്കാനുമായിരുന്നു പദ്ധതി. ഇത് സംബന്ധിച്ചു ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ധനകാര്യ വകുപ്പ് ഈ കമ്പനിക്ക് മാത്രമായി എങ്ങനെ കരാര്‍ കൊടുക്കാന്‍ സാധിക്കുമെന്നും, ഇത് സാമ്പത്തികമായി സര്‍ക്കാരിന് ബാധ്യത വരുത്തിവയ്ക്കുയില്ലെയെന്നും ചൂണ്ടിക്കാട്ടിയത്.

അന്നത്തെ ചീഫ് സെക്രട്ടറിയും ഇതിനെ എതിര്‍ത്തിരുന്നു. അതുകൊണ്ടാണ് ധാരണാപത്രം ഒപ്പുവയ്ക്കാതെ പോയത്. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി ഏല്പിച്ചത്. ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ കണ്‍സള്‍ട്ടന്റായി ആയി നിയമിച്ചത്. ഹെസ് കമ്പനിക്ക് നല്കിയ കരാര്‍ വെള്ളപൂശാനാണ് കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതെന്നു വ്യക്തമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഗതാഗത വകുപ്പ് അറിയാതെയും ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിര്‍ക്കുകയും ചെയ്ത ഈ ഇടപാടിലെ ദുരൂഹതകള്‍ അടിയന്തരമായി നീക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.