കൊച്ചി: പ്രതിരോധ പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കി കൊച്ചിയില്‍ കുടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്. ബ്രോഡ് വെ മാര്‍ക്കറ്റില്‍ മൂന്ന് വ്യാപാരികള്‍ക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. എറണാകുളം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറെയും വിദേശത്ത് നിന്ന് എത്തിയവരോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരോ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളായി സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം ജില്ലയില്‍ കൂടി വരികയാണ്.

ബുധനാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 12 പേരില്‍ 8 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് പേര്‍ ബ്രോഡ് വെ മാര്‍ക്കറ്റിലെ വ്യാപാരികളാണ്. ജൂണ്‍ 27 കോവിഡ് ബാധിച്ച ഇലക്‌ട്രിക്കല്‍ ഷോപ്പിലെ ജീവനക്കാരന്‍്റെ സഹപ്രവര്‍ത്തകനും കോവിഡ് പോസിറ്റീവായി. കോവിഡ് ബാധിച്ച മറ്റൊരു വ്യാപാരിയുടെ ഭാര്യയ്ക്കും മകനും മരുമകള്‍ക്കും അസുഖം ബാധിച്ചു. വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബ്രോഡ് വെയിലെ പ്രസ് ക്ലബ് മുതല്‍ സെയ്ന്‍്റ് ഫ്രാന്‍സീസ് ചര്‍ച്ച്‌ വരെയുള്ള ഭാഗം അടയ്ക്കുകയും ചെയ്തിരുന്നു.

നിലവില്‍ മാര്‍ക്കറ്റിലെ 26 വ്യാപാരികളുടെ ശ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടുതല്‍ പേരുടെ സാമ്പിളുകള്‍ എടുക്കും. ജൂണ്‍ 21ന് കോവിഡ് സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഭാര്യയ്ക്കും മൂന്ന് വയസുള്ള മകള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷനിലെ പതിനൊന്നാം ഡിവിഷനായ തോപ്പുംപടി പ്രദേശത്തെ കണ്ടെയ്ന്‍മെന്‍്റ് ഏരിയയായി പ്രഖ്യാപിക്കുകയും ചെയ്തു.