ന്യൂജേഴ്‌സി:ഫൊക്കാന തെരഞ്ഞെടുപ്പ് നടത്താനുള്ള പൂർണ അധികാരം ട്രസ്റ്റി ബോർഡിൽ  നിക്ഷിപ്തമാണെന്നും ഇത് സംബന്ധിച്ചുള്ള ട്രസ്റ്റി ബോർഡിന്റെ  നിലപാട് സ്വാഗതാർഹമാണെന്നും മുൻ  പ്രസിഡണ്ടുമാർ. തെരഞ്ഞെടുപ്പ്  സംബന്ധിച്ച് നാഷണൽ കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഉയർത്തുന്ന വിവാദങ്ങളും പരസ്യ പ്രസ്താവനകളും ഉടൻ അവസാനിപ്പിക്കണമെന്നും ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി.ജേക്കബ്‌ വിളിച്ചു ചേർത്ത മുൻ പ്രസിഡണ്ടുമാരുടെ യോഗം ആവശ്യപ്പെട്ടു.
 തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത് ട്രസ്റ്റി ബോർഡ് ആണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച മുൻ പ്രസിഡണ്ടുമാർ ട്രസ്റ്റി ബോർഡ് നിയമിച്ച  തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനമായിരിക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനമെന്നും വ്യക്തമാക്കി.  ഫൊക്കാന മുൻ പ്രസിഡണ്ടുമാരുടെ യോഗതീരുമാനങ്ങൾ  നാഷണൽ കമ്മിറ്റിയെ അറിയിക്കാൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ, മാമ്മൻ സി.ജേക്കബിനെ യോഗം ചുമതലപ്പെടുത്തി. ഫൊക്കാന മുൻ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധൻ,കമാൻഡർ ജോർജ്‌ കോരുത്, പോൾ കറുകപ്പള്ളിൽ, ഡോ.ജി.കെ.പിള്ള, മറിയാമ്മ പിള്ള, ജോൺ പി. ജോൺ എന്നിവരാണ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ വിളിച്ചുചേർത്ത യോഗത്തിൽ സംബന്ധിച്ചത്.
 തെരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങളും വിവാദങ്ങളും അനാവശ്യവും അനവസരത്തിലുള്ളതുമാണ്.ഫൊക്കാന തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള  എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ട്രസ്റ്റി ബോർഡ് തന്നെയാണ്. ബോർഡ് നിയമിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് പ്രക്രീയകൾ കുറ്റമറ്റതായി നടപ്പിലാക്കേണ്ടത്.. തെരഞ്ഞെടുപ്പ് വിജ്ഞ്ജാപനമിറങ്ങിക്കഴിഞ്ഞാൽ പിന്നെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ ചട്ടപ്രകാരം ബോർഡിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നത് അച്ചടക്കലംഘനവും ഭരണഘടന വിരുദ്ധവുമാണെന്നും മുൻ പ്രസിഡണ്ടുമാർ ചൂണ്ടിക്കാട്ടി.
അതേസമയം, ജൂലൈ മാസത്തിലെ കൺവെൻഷൻ മാറ്റിവയ്ക്കപ്പെടുന്ന സാഹചര്യത്തിൽ മറ്റൊരു ദിവസം കൺവെൻഷൻ നടത്തുന്നത് സംബന്ധിച്ച ചർച്ചകൾക്ക് ട്രസ്റ്റി ബോർഡ് സന്നദ്ധമാണെന്ന് ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ്‌  അറിയിച്ചു. കൺവെൻഷൻ സംബന്ധിച്ച് ഇത്തരമൊരു നിലപാട് സ്വീകരിച്ച ട്രസ്റ്റി ബോർഡ് തീരുമാനത്തെയും  മുൻ പ്രസിഡണ്ടുമാർ സ്വാഗതം ചെയ്തു.അച്ചടക്കമുള്ള പ്രവർത്തകർ ഫൊക്കാനയുടെ ഭരണഘടനയെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട മുൻ പ്രസിഡണ്ടുമാർ സെപ്റ്റംബർ 9 നു  തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച ട്രസ്റ്റി ബോർഡിന്റെ നടപടി തികച്ചും നിയമപരമായുള്ളതാണെന്നും.അതിനാൽ ഭരണഘടനക്ക് വിധേയമായ കാര്യങ്ങൾ മാത്രമേ ട്രസ്റ്റി ബോർഡ് കൈകൊണ്ടിട്ടുള്ളുവെന്നും നിരീക്ഷിച്ചു.
38 വർഷത്തെ പാരമ്പര്യമുള്ള ഫൊക്കാനയിൽ ഇന്നുവരെയുണ്ടാകാത്ത അധികാരത്തർക്കമാണ് നടന്നു വരുന്നത്. രണ്ടു വർഷത്തേക്ക് അധികാരമേൽക്കുവാനായി സത്യപ്രതിജ്ഞ ചെയ്‌തിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിക്ക്  രണ്ട് വർഷം മാത്രം ഭരിക്കാനുള്ള അധികാരമാണുള്ളത്. കാലാവധി  കഴിഞ്ഞാൽ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിക്ക് അധികാരം കൈമാറ്റം നടത്തണം. ഫൊക്കാനയുടെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം ബോർഡിന്റെ തീരുമാനത്തെ അംഗീകരിക്കാൻ അച്ചടക്കമുള്ള എല്ലാ അംഗങ്ങളും ഭാരവാഹികളും തയ്യാറാകേണ്ടതാണെന്ന് മുൻ പ്രസിഡണ്ടുമാർ ഐക്യകണ്ഠനെ ആഹ്വാനം ചെയ്തു.