പാറ്റ്‌ന | ബിഹാറില്‍ കൊവിഡ്- 19 ലക്ഷണങ്ങളോടെ വിവാഹിതനായ 26കാരന്‍ രണ്ടാം ദിവസം മരിച്ച സംഭവത്തില്‍ ചടങ്ങുകളില്‍ പങ്കെടുത്ത് പോസിറ്റീവായവരുടെ എണ്ണം 111 ആയി. യുവാവിന്റെ വിവാഹ- മരണ ചടങ്ങുകളില്‍ 600ലേറെ പേരാണ് പങ്കെടുത്തത്. ചടങ്ങുകളില്‍ പങ്കെടുത്ത 400 പേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്.

ജൂണ്‍ 15നായിരുന്നു വിവാഹം. നാനൂറോളം പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. രണ്ട് ദിവസം കഴിഞ്ഞ് വരന്‍ മരിച്ചു. സംസ്‌കാര ചടങ്ങുകളില്‍ ഇരുനൂറോളം പേരും പങ്കെടുത്തു. ഇവരില്‍ 111 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഒരാഴ്ച മുമ്ബ് ബിഹാറിലെത്തിയ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് വരന്‍.

വിവാഹ ദിവസത്തിന് മുമ്ബ് തന്നെ ഇയാള്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബന്ധുക്കള്‍ ഡിസ്ചാര്‍ജ് ചെയ്യിച്ച്‌ വിവാഹം നടത്തുകയായിരുന്നു. അതേസമയം, വധുവടക്കം അടുത്ത ബന്ധുക്കള്‍ക്കൊന്നും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

നിലവില്‍ വിവാഹ ചടങ്ങില്‍ അമ്ബതിലേറെ പേര്‍ പങ്കെടുക്കാന്‍ പാടില്ല. മരണ ചടങ്ങില്‍ ഇരുപത് പേരേ പറ്റുള്ളൂ. ഇതെല്ലാം കാറ്റില്‍ പറത്തിയായിരുന്നു ബിഹാറിലെ വിവാഹ, മരണ ചടങ്ങുകള്‍. സംസ്ഥാനത്ത് പതിനായിരത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 62 പേര്‍ മരിച്ചിട്ടുമുണ്ട്. വിവാഹ- മരണ ചടങ്ങുകളില്‍ പങ്കെടുത്ത 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.