കണ്ണൂര്‍: കണ്ണൂര്‍ കീഴ്പ്പള്ളിയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴ്പ്പള്ളി പുതിയങ്ങാടിയിലെ കൊട്ടാരത്തില്‍ ബിജുവിനെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 38 വയസായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മദ്യപിച്ച്‌ കിണറ്റില്‍ വീണതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. കാണാതായതിനെ തുടര്‍ന്ന് ഇരട്ടി അഗ്‌നിശമന സേനയുടെ സഹായത്തോടെ പണി കഴിയാത്ത വീടിന് സമീപത്തെ കിണറില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 10 കോലോളം ആഴമുള്ള കിണറില്‍ 4 കോലോളം വെള്ളമുണ്ടായിരുന്നു. ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കിണറിലെ വെള്ളത്തില്‍ തെരച്ചില്‍ നടത്തിയത്.