മുത്തങ്ങ: അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായുള്ള വാഹന പരിശോധനയില്‍ വന്‍ വീഴ്ച.മുത്തങ്ങ മൂലഹള്ള ചെക്ക് പോസ്റ്റ് വഴി പാസില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധി പേര്‍ കേരളത്തിലേക്ക് കടക്കുന്നു.ചരക്ക് ലോറികളിലൂടെയാണ് ആളുകള്‍ എത്തുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ ജാഗ്രത പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്ത് പാസ് ലഭിച്ചവര്‍ക്ക് മാത്രമേ അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വരാന്‍ അനുമതിയുള്ളൂ.ഇക്കാര്യം പരിശോധിക്കാന്‍ റവന്യൂ, പൊലീസ് സംഘം അതിര്‍ത്തി ചെക്ക് പോസ്റ്റിലുണ്ട്. എന്നാല്‍ കാര്യങ്ങള്‍ കൃത്യമായി നടക്കുന്നില്ല എന്നതാണ് നേര്.

കൊല്‍ക്കത്തയില്‍ നിന്നെത്തിയ മൂന്നംഗ സംഘം.പാസ്സോ മറ്റ് രേഖകളോ ഒന്നുമില്ല.ട്രെയിന്‍ മാര്‍ഗ്ഗം ബംഗലൂരുവും തുടര്‍ന്ന് ബസ്സില്‍ മൈസൂരിലും എത്തി. അവിടെ നിന്ന് ലോറിയില്‍ പണം നല്‍കി കേരളത്തിലേക്ക് വന്നു. പ്രധാന പരിശോധനാ കേന്ദ്രവും കടന്ന് എത്തിയ ഇവര്‍ പിടിയിലായത് എക്സൈസിന്‍റെ വാഹന പരിശോധനയില്‍.

കഴിഞ്ഞ ദിവസം മാത്രം അഞ്ച് പേര്‍ ഇങ്ങിനെ എത്തി. രണ്ട് പേര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ പോലുമുണ്ടായിരുന്നില്ല.പിടിയിലായവരെ എക്സൈസ് പൊലീസിന് കൈമാറി. ചരക്ക് വാഹനങ്ങളില്‍ പൊലീസ് പരിശോധന കുറവാണെന്നത് മുതലെടുത്താണ് കൂടുതല്‍ പേരുമെത്തുന്നത്.

വയനാട്ടില്‍ നേരത്തെ കൊവിഡ് പൊസിറ്റീവ് ആയ ഒരു വ്യക്തി ലോറിയിലെ സഹായി എന്ന രീതിയിലായിരുന്നു ജില്ലയിലെത്തിയത്. അതുകൊണ്ട് തന്നെ പരിശോധനയിലെ വീഴ്ച ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് തീര്‍ച്ച.