ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്നും ഒരാഴ്ച്ചയായി പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. രോഗമുക്തി നേടുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാസം മുമ്ബ് പ്രവചിച്ചതുപോല ഡല്‍ഹിയിലെ സ്ഥിതി രൂക്ഷമല്ല. ജൂണ്‍ മുപ്പതോടെ ഒരു ലക്ഷം കൊവിഡ് കേസുകളായിരുന്നു ഡല്‍ഹിയില്‍ പ്രതീക്ഷിച്ചത്. ഇത് എണ്‍പത്തിയേഴായിരത്തിലേക്ക് ചുരുക്കാനായെന്നും കെജ്‍രിവാള്‍ അറിയിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം കുറയുകയാണ്. ജൂണ്‍ 30നകം ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കഴിയുമെന്ന് പ്രവചനമുണ്ടായിരുന്നു. എന്നാല്‍ 26,270 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.