തമിഴ് നാട് നെയ്‌വേലിയിലെ താപവൈദ്യുതി നിലയത്തിലുണ്ടായ അപകടത്തില്‍ മരണം ആറായി. 16 പേര്‍ക്ക് പൊള്ളലേറ്റു. നെയ് വേലി പ്ലാന്റില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ താപനിലയ അപകടമാണിത്. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍എല്‍എഎസി ഇന്ത്യ ലിമിറ്റഡ് (നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) ചെന്നൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ കടലൂര്‍ ജില്ലയിലാണുള്ളത്. പരിക്കേറ്റവരെ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ബോയ്‌ലര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്നും അന്വേഷണം തുടങ്ങിയതായും പവര്‍ പ്ലാന്റ് ഡയറക്ടര്‍മാരിലൊരാളായ ആര്‍ വിക്രമന്‍ പറഞ്ഞു. പരിക്കേറ്റ 16 പേരില്‍ ആറ് പേര്‍ സ്ഥിരം തൊഴിലാളികളും 10 പേര്‍ കരാര്‍ തൊഴിലാളികളുമാണ്. രണ്ട് മാസം മുമ്ബും സമാനമായ ഒരു പൊട്ടിത്തെറി ഇതേ തെര്‍മല്‍ പ്ലാന്റില്‍ ഉണ്ടായിരുന്നു. എട്ട് പേര്‍ക്ക് അന്ന് പൊള്ളലേല്‍ക്കുകയുണ്ടായി. 3,940 മെഗാവാട്ട് വൈദ്യുതിയാണ് കമ്ബനി ഉല്‍പാദിപ്പിക്കുന്നത്. ഇവിടെ 27,000 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 15,000 പേര്‍‌ കരാര്‍ ജീവനക്കാരാണ്.

കഴിഞ്ഞ ദിവസം സൈനര്‍ ലൈഫ് സയന്‍സസിന്റെ വിശാഖപട്ടണം ഫാക്ടറിയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മേയില്‍ വിശാഖപട്ടണത്തെ എല്‍ജി പോളിമേര്‍സ് ഫാക്ടറിയിലുണ്ടായ വാതകച്ചോര്‍ച്ചില്‍ 11 പേര്‍ മരിക്കുകയും ആയിരത്തിലധികം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.