ഇന്നലെ രാത്രി ഞാൻ നിന്നെ കണ്ടു
ഒരു മുഴുനീള സ്വപ്നത്തില്‍. മീനച്ചിലാറിന്റെ തീരത്ത് സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ എരിഞ്ഞടങ്ങുന്ന നിറപ്പകിട്ടു നോക്കി
നീ നിൽക്കുന്നു. ആറ്റിന്‍കരയിലെ
മണൽത്തരികളെ നോവിക്കാതെ ഞാൻ പിന്നിൽനിന്നും പതുങ്ങിയെത്തി  ഒരു കള്ള പൂച്ചയെപോലെ .  അസ്തമനസൂര്യന്റെ പൊണ്‍പ്രഭയില്‍ നിന്റെ പൂമേനിക്ക് അഴകിന്റെ ഏഴു വർണ്ണങ്ങളായിരുന്നു. മലഞ്ചെരുവുകളിൽ നിന്നും വീശിയെത്തിയ ഇളംകാറ്റിൽ നിന്റെ ഉടയാടകൾ ഉയർന്നുതാണു .  ഇലഞ്ഞിപ്പൂവിന്റെ മണവുമായി ആ കുസൃതിക്കാറ്റ് അവിടെ തങ്ങിനിന്നു, നമ്മൾ കൈമാറുന്ന രഹസ്യങ്ങൾ അറിയാൻ ഒരു ചാരനെപോലെ. വടിവൊത്ത നിന്റെ അരക്കെട്ടിൽ ഞാനൊന്നു നുള്ളിയപ്പോൾ നീ ഒന്നു പിടഞ്ഞെങ്കിലും കള്ളച്ചിരിയോടെ എന്നിലേക്ക്‌ ഒട്ടിനിന്നു സയാമീസ് ഇരട്ടകൾ പോലെ. നാണം തോന്നിയ അസ്തമനസൂര്യൻ ആകാശങ്ങള്‍ക്കപ്പുറത്ത് താണു മറഞ്ഞു. മിനുമിനുത്ത നിന്റെ മൃദുമേനിയിൽ ഞാൻ ചുടുചുംബനങ്ങൾ കൊണ്ട് മൂടി. ചുംബനത്തിനു ശേഷമുള്ള സങ്കീർണ്ണമായ മേഖലകളിലേക്ക് ഞാൻ ധീരമായി പ്രവേശിച്ചപ്പോൾ പ്രതിഷേധം നിന്റെ മൗനാനുവാദത്തിനു മുമ്പിൽ കീഴടങ്ങി. എന്റെ മോഹസങ്കല്പങ്ങൾ  നിന്റെ കർണ്ണപുടങ്ങളിൽ മന്ത്രിച്ച് പുതിയ ഒരു ദേവരാജ്യം വെട്ടിയെടുക്കാനുള്ള പടയൊരുക്കത്തിൽ ഞാൻ ഞാനായി ഉണർന്നു. നീ നീയായും .  മനസ്സ് മനസ്സിനെ പുണർന്നു. രക്തം രക്തത്തിലേക്ക് അലിഞ്ഞു. അന്തരാളങ്ങളിൽ മോഹങ്ങൾ തായമ്പക കൊട്ടി സങ്കല്പങ്ങൾ സഫലമാക്കിയപ്പോൾ അവാച്യമായ അനുഭൂതികളുടെ വിയർപ്പിൽ മനസ്സും ശരീരവും നനഞ്ഞു കുതിർന്നു. ആഗ്രഹങ്ങളുടെ അങ്കത്തട്ടിൽ ആടിത്തളര്‍ന്ന് നിന്റെ നെഞ്ചത്ത് ഞാൻ മയങ്ങുമ്പോൾ നിന്റെ കൈകൾ ഒരു തൂവ്വൽ സ്പർശം ആയി എന്നെ തലോടിക്കൊണ്ടിരുന്നു….

ഞാൻ ഇത്രയും പറഞ്ഞു തീർന്നപ്പോൾ ഫോണിന്റെ അങ്ങേതലക്കൽനിന്നും നിറുത്താതെയുള്ള എന്റെ സുന്ദരിയുടെ ചിരി. ചിരി നിറുത്തി അവൾ പറഞ്ഞു.

”അപ്പോൾ മൊരടന്‍ ആള് മോശക്കാരനല്ല. നിന്റെ നക്ഷത്രം എന്നാടാ ”

”ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി ”

”അപ്പോൾ വെറുതെയല്ല കള്ളകൃഷ്ണൻ…”

അവൾ പിന്നെയും ഫോണിലൂടെ ചിരിച്ചുകൊണ്ടേയിരുന്നു. ഞാൻ ചോദിച്ചു.

”എന്താ നിന്റെ പ്ലാൻ ? ”

”എടാ മൊരടന്‍ എഴുത്തുകാരാ ,  നിന്റെ മൊരടത്തരം മാറ്റി നിന്നെ എന്റെ പ്രായത്തിലേക്ക് കൊണ്ടുവരണം. എന്റെ കൂട്ടിനായി. എന്റേത് മാത്രമായി. ആർക്കും കൊടുക്കാതെ കെട്ടിപ്പിടിച്ച് മരണം വരെ… എനിക്ക് നിന്നെ ഇഷ്ടാടാ ചക്കരെ ”  അവൾ ഇത്തിരി സീരിയസ് ആയി.

ഈ കോവിഡ് കാലത്താണ് അവൾ എന്നിലേക്ക്‌ വന്നത്. അല്ലെങ്കിൽ ഞാൻ അവളിലേക്ക്‌ ചെന്നത്. കോവിഡ് ബാധ കഴിഞ്ഞു ഞാൻ വിശ്രമിക്കുന്ന നാളുകൾ. ഒരു ദിവസം എന്റെ എഫ് ബി മെസ്സഞ്ചറില്‍ ഒരു ”ഹായ് ”. ഞാനും തിരിച്ചൊരു ”ഹായ്  ”. ഒരാഴ്ചയോളം പരസ്പരം ഹായ് ഹായ് പറഞ്ഞു. പിന്നെ അവൾ എനിക്ക് മെസ്സേജ് ഇട്ടു. ”എന്താ ഇത് ”. ഞാൻ പറഞ്ഞു ”ഒരു രസം”.

അങ്ങനെ രസവും രസവും കൂടി. അരവും അരവും കൂടി കിന്നരം ആയി.
ആ കിന്നരത്തീല്‍ വേറിട്ട ശ്രുതികളുടെ ആഴങ്ങൾ അവൾ കണ്ടെത്തി. അവൾ പാടി. ഒരു രാപ്പാടി ആയി. അവളുടെ ആത്മാവിന്റെ ജാലകം തുറന്ന്‌ ഒരിക്കലും അനുഭവിക്കാത്ത ശ്രുതിമധുരത്തോടെ നിശയുടെ നിശബ്ദതയിൽ ആ ഗാനം എന്നിലേക്ക്‌ അരിച്ചിറങ്ങി. മധുരസ്വപ്നങ്ങളുടെ ശതാവരി പൂക്കുന്ന പ്രണയരാവുകളിൽ അടച്ചു വെക്കപ്പെട്ട രതിസങ്കല്പങ്ങളുടെ അടപ്പുകൾ ഞങ്ങൾ വ്യവസ്ഥകളില്ലാതെ തുറന്നു.

നിമിഷങ്ങൾക്ക് റോക്കറ്റിന്റെ വേഗത. ഓരോ ദിവസവും ഓരോ യുഗം പോലെ. ചിട്ടയില്ലാത്ത എന്റെ ജീവിതത്തിൽ അവൾ ചിട്ടവട്ടങ്ങളുടെ പട്ടിക തയ്യാറാക്കി. എന്നെ അവൾ ഒരു ടീനേജർ ആക്കി. ഒരു ദിവസം അവൾ എന്നോട് ചോദിച്ചു.

”നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നു”

ഞാൻ മറുപടി നൽകി.
”എന്റെ രാജകുമാരിയെ ഞാൻ
എന്നെക്കാൾ കൂടുതൽ സ്നേഹിക്കുന്നു”

എന്റെ സുന്ദരിക്ക് ഭർത്താവുണ്ടോ
മക്കളുണ്ടോ എന്ന് ഞാൻ ചോദിച്ചിട്ടില്ല. ഞാൻ ഭർത്താവാണോ
അച്ഛനാണോ മുത്തച്ഛനാണോ എന്ന്
അവളും  ചോദിച്ചിട്ടില്ല. എന്നാൽ ഞങ്ങൾ പരസ്പരം ഉറപ്പു നൽകി. മരണം വരെ ഒന്നായിരിക്കും എന്ന്.
മരണാനന്തരം ഒരു ജീവിതം ഉണ്ടെങ്കിൽ അവിടെയും.

പിന്നീടുള്ള ദിവസങ്ങളിൽ സങ്കൽപ്പങ്ങൾക്ക് വർണ്ണചിറകുകൾ
പിടിപ്പിച്ച് ഞങ്ങൾ യാത്രകളിലായിരുന്നു. ഞങ്ങൾ കണ്ടു കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയും ചടയമംഗലത്തെ ജടായു പാറയും. തേക്കടിയിലെ വന്യമൃഗങ്ങളെ കണ്ട്‌ ആരണ്യനിവാസിലെ ശീതീകരിച്ച മുറിയിലെ പട്ടുമെത്തയിൽ അന്തിയുറങ്ങി. മൂന്നാറിലെ തേയിലക്കാടുകളും നീലക്കുറിഞ്ഞി പൂക്കുന്ന രാജമലയും വരയാടുകളെയും കണ്ട് ഞങ്ങൾ പോയി മലമ്പുഴക്ക്. അവിടെ കാനായി കുഞ്ഞിരാമന്റെ കരവിരുതിൽ തീർത്ത യക്ഷിയെ നോക്കി ഞാൻ തരിച്ചുനിന്നപ്പോൾ അവൾ എന്റെ കണ്ണുകൾ പൊത്തി പിറകോട്ടു വലിച്ച് ദേഷ്യപ്പെട്ടു.

”നിനക്ക് ആ കള്ളകൃഷ്ണന്റെ സ്വഭാവം ഇതുവരെ മാറിയിട്ടില്ല”

ഡൽഹിയിൽ ഞങ്ങൾ ഗാന്ധിസമാധിയും ബിർളാമന്ദിറും
ലോട്ടസ് ടെമ്പിളും കണ്ട് ആഗ്രയിലെത്തി. താജ് മഹലിന്റെ മുൻപിൽ അത്ഭുതം കൂറി നിന്നപ്പോൾ
ഞാൻ ചോദിച്ചു.

”ഇങ്ങനെ നിന്നാൽ മതിയോ നമുക്ക്
പോകണ്ടേ”

പിന്നെ മുംബെയിലെ ജനജീവിതവും
ധാരാവിയിലെ ദുരിതങ്ങളും കണ്ടു. ചരിത്രമുറങ്ങുന്ന കൊൽക്കത്തയുടെ
ഊടുവഴികളിലൂടെ സഞ്ചരിച്ചു. നിംതലഘട്ടിലെ നിറുത്താത്ത മന്ത്രോച്ചാരണങ്ങളും സോനാഗാച്ചിയിലെ ലൈംഗീകത്തൊഴിലാളികളുടെ വിലപേശലുകളും കേട്ടു .  കാളിഘട്ടിൽ കാലങ്ങൾക്ക് മുൻപുണ്ടായിയുന്ന മനുഷ്യക്കുരുതികളെ കേട്ടറിഞ്ഞു. സംസ്കാരങ്ങൾ സമന്വയിക്കുന്ന ബേലൂർ മഠ് കണ്ടറിഞ്ഞു. ജ്ഞാനവും പ്രകൃതിയും സംഗമിക്കുന്ന ശാന്തിനികേതന്റെ വിശുദ്ധി ചെന്നറിഞ്ഞു. നാഷണൽ ലൈബ്രറിയുടെ ഇടനാഴികകൾ അവൾക്ക്‌ അത്ഭുതം ആയിരുന്നു. രണ്ടേകാൽ മില്യൺ പുസ്തകങ്ങളുടെ അക്ഷരതറവാട്ടിൽ അവൾ പകച്ചു നിന്നു .

പിന്നീട് ഞങ്ങളുടെ യാത്ര ദൂരങ്ങളിലേക്ക്‌ ആയിരുന്നു. മൗണ്ട് എവറെസ്റ്റിന്റെ ഉയരങ്ങളിലേക്ക്. മരിയാന ട്രെഞ്ചിന്റെ ആഴങ്ങളിലേക്ക്. സ്ടിന്‍ഗ്രേ സിറ്റി ഓഫ് ബഹാമാസിലെ സ്നേഹാതുരുത്തിൽ ഞങ്ങൾ ധ്യാനനിരതരായി , ഒരു കഥയുമില്ലാത്ത ഞങ്ങൾക്ക് കഥയുണ്ടാകണമേ എന്ന പ്രാർത്ഥനയോടെ. അമേരിക്കൻ തടാകങ്ങളുടെ റാണിയായ ലേക് ജോർജിന്റെ ഓളപ്പരപ്പിൽ ഞങ്ങൾ നീന്തിക്കുളിച്ചു.

മേടമാസച്ചൂടിലൂടെ
മകരമാസക്കുളിരിലൂടെ
വര്ഷകാലസന്ധ്യകളിലൂടെ
ഞങ്ങളുടെ യാത്ര തുടരുന്നൂ
ജന്മജന്മാന്തരങ്ങളിലേക്ക് …….