കേരളത്തില്‍ അയലയുടെയും മത്തിയുടെയും ലഭ്യതയില്‍ വന്‍ ഇടിവെന്ന് പഠന റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെക്കാള്‍ 15.4 ശതമാനമാണ് കുറവ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് വാര്‍ഷിക പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.കേരളീയരുടെ ഇഷ്ടവിഭവമായ മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് കൂപ്പുകുത്തിയത്. .44,320 ടണ്‍ മത്തി മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഭിച്ചത്. 2018ല്‍ ഇത് 77,093 ടണ്‍ ആയിരുന്നു. 2012ല്‍ 3.9 ലക്ഷം ടണ്‍ സംസ്ഥാനത്ത് നിന്ന് പിടിച്ചിരുന്നു. അതിന് ശേഷമുള്ള ഓരോ വർഷങ്ങളിലും മത്തി കുറഞ്ഞുവന്നെങ്കിലും 2017ൽ ചെറിയ തോതിൽ കൂടി. സമുദ്ര ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ മത്തിയുടെ വളർച്ചയെ കാര്യമായി ബാധിക്കുന്നതാണ് കാരണം. . അയല മുൻവർഷത്തെക്കാൾ 50 ശതമാനമാണ് കേരളത്തിൽ കുറഞ്ഞത്. ലഭിച്ചത് 40,554 ടൺ. 2018ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യമായിരുന്നു അയല.ഇത്തവണ കൊഴുവയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിടിച്ച മത്സ്യം. മത്സ്യലഭ്യതയിൽ കുറവുണ്ടായെങ്കിലും രാജ്യത്തെ സമുദ്ര മത്സ്യോൽപാദനത്തിൽ കേരളം മൂന്നാം സ്ഥാനം നിലനിർത്തി. തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്.