ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സ്‌പൈസ് ബോംബുകളുടെ ശേഖരം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ.2019ല്‍ ബലാക്കോട്ടില്‍ ജെയ്‌ഷെ ഭീകരരുടെ ക്യംപ് തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് സ്‌പൈസ് ബോംബുകളാണ്.

ശത്രുകേന്ദ്രത്തിലെ ബങ്കറുകളും കെട്ടിടങ്ങളും തകര്‍ക്കാന്‍ ഇവയ്ക്ക് കഴിയുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇസ്രയേലില്‍ നിന്ന് എത്തിച്ചതിന് പുറമെയാണ് വീണ്ടും വാങ്ങാനായി ഇന്ത്യ തയ്യാറെടുക്കുന്നത്.

ഇസ്രയേല്‍ നിര്‍മ്മിതമായ സ്‌പൈസ്2000 ബോംബുകള്‍ക്ക് വളരെ ദൂരെ നിന്ന് തന്നെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചേരാന്‍ കഴിയും. നൂറിലധികം സ്‌പൈസ് ബോംബുകള്‍ 300 കോടിയിലധികം രൂപ ചെലവിട്ട് ഇസ്രയേലില്‍ നിന്ന് വാങ്ങുന്ന കരാറില്‍ വ്യോമസേന ഒപ്പിട്ടിരുന്നു. മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഈ ലേസര്‍ ഗൈഡഡ് ബോംബുകള്‍ ജെയ്‌ഷെ ക്യംപുകളില്‍ വര്‍ഷിച്ചത്. ലോകത്തിലെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണ് സ്‌പൈസ് ബോംബുകള്‍.