ദില്ലി: ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യക്ക്‌ പൂര്‍ണ പിന്തുണ വാഗ്‌ദാനം ചെയ്‌ത്‌ ഫ്രാന്‍സ്‌. ഇരുപത്‌ ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗത്തില്‍ സഹാനുഭാവം പ്രകടിപ്പിച്ചും ഫ്രഞ്ച്‌ സൈന്യത്തിന്റെ പൂര്‍ണ പിന്തുണയറിയിച്ചും പ്രതിരോധ മന്ത്രിയുടെ കത്ത്‌. ഇന്ത്യന്‍ വ്യോമസേനയ്‌ക്കു മുന്‍നിര യുദ്ധവിമാനങ്ങളടക്കം നല്‍കുന്ന തന്ത്രപ്രധാന പങ്കാളിയെന്ന നിലയ്‌ക്ക്‌ ഫ്രാന്‍സിന്റെ പിന്തുണ ഇന്ത്യക്ക്‌ ആശ്വാസമാണ്‌.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംയുക്‌ത നാവികാഭ്യാസവും പട്രോളിങ്ങുമടക്കം നടത്തി ഇരു രാജ്യങ്ങളും മെച്ചപ്പെട്ട പ്രതിരോധകൂട്ടുകെട്ടാണ്‌ തീര്‍ക്കുന്നതും.ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്‌ അയച്ച കത്തിലാണ്‌ ഫ്രഞ്ച്‌ പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ്‌ പാര്‍ലി ഫ്രാന്‍സിന്റെ ഐക്യദാര്‍ഢ്യം അറിയിച്ചത്‌. ഇന്ത്യ മേഖലയിലെ ഫ്രാന്‍സിന്റെ തന്ത്രപ്രധാന പങ്കാളിയാണെന്ന്‌ അടിവരയിട്ടാണ്‌ കത്ത്‌.

ഇന്ത്യന്‍ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യത്തിനുമുണ്ടായ നഷ്‌ടത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. രാജ്‌നാഥ്‌ സിങ്‌ ക്ഷണിച്ചാല്‍ നേരിട്ടു കാണാന്‍ ഒരുക്കമാണ്‌. നിലവിലെ ചര്‍ച്ചകള്‍ തുടരാനും.- അവര്‍ അറിയിച്ചു.59,000 കോടിയുടെ റഫാല്‍ യുദ്ധവിമാന കരാറാണ്‌ 2016-ല്‍ ഇന്ത്യയുമായി ഫ്രാന്‍സ്‌ ഒപ്പിട്ടത്‌.

അവയുടെ കൈമാറ്റം വേഗത്തിലാക്കണമെന്ന ന്യൂഡല്‍ഹിയുടെ ആവശ്യത്തോട്‌ അനുഭാവപൂര്‍ണമായ നിലപാടാണ്‌ അവര്‍ കൈക്കൊണ്ടതും. ഇവയില്‍ ആറ്‌ വിമാനങ്ങള്‍ അംബാല വ്യോമതാവളത്തില്‍ ഈ വരുന്ന 27-ന്‌ എത്തുമെന്നാണു പ്രതീക്ഷ.