താരാട്ടു പാട്ടിന്റെ ഈണമായ് എന്നുമെൻ
ഓർമ്മയിൽ തെളിയുന്നൊരമ്മ
ഭ്രാന്തിന്റെ മേലങ്കി കൂട്ടായിരുന്നൊരാ
ഭ്രാന്തില്ല എന്ന് പുലമ്പി നടന്ന രൂപം

ചിറകു മുളയ്ക്കാത്ത മുന്നു പെൺമക്കളെ സ്വന്തം
ചിറകിന്റെ കീഴിലായ് പൊത്തിയൊതുക്കി
ഒഴുകും തിരക്കിലൂടെ ആർത്തമായ് നീങ്ങുന്നു
പൊന്നോമനകൾ തൻ വിശപ്പിനെ പോറ്റുവാൻ

കാരുണ്യമുള്ളവർ നൽകുന്ന വറ്റിൻ ദയയിൽ
കത്തും വയറിന്റെ കാളൽ മറന്നു കൊണ്ട്
അന്നമൂട്ടുന്നൊരാ പെറ്റമ്മതൻ മനസ്സിന്റെ
അന്തമില്ലാത്ത നോവുകൾ നീറ്റുന്നു ഇന്നും

ഭ്രാന്തിന്റെ നാളുകളിൽ സ്വയം അറിയാതിരുന്നവൾ
ഭ്രാന്തമാം കാമത്തിൻ ഇരയായി നഷ്ടമായ് മാനവും
ആരോ വലിച്ചെറിഞ്ഞിട്ടതാണീ മൂന്നു ബീജവും
അമ്മയെന്നുള്ള പദവിയും എങ്കിലും ഇന്നും

മുഷിഞ്ഞു നാറിയ ഒറ്റ ചേലയാൽ ചൂടിച്ചു തൻ
മൂന്നുമക്കളെയും തന്നോടു ചേർത്ത് ഉറങ്ങുവാൻ
കടത്തിണ്ണയെ രാത്രിയിലഭയം ആക്കുമാ അമ്മയ്ക്ക്
കൊത്തിപ്പറിക്കും കഴുകൻമാരെ ഭയമായിരുന്നെപ്പോഴും

മനസ്സിന്റെ താളം പിഴച്ചവളെങ്കിലും എന്നും
മാറോടടക്കിപ്പുണർന്നു തൻ മക്കളെ
രാത്രി പകലാക്കി കാവലിരുന്നവൾ നെഞ്ചിൽ എരിയും
നെരിപ്പോടും, കണ്ണിലണയാത്ത ജ്വാലയുമായി

ആരോ ഒരുമ്പെട്ടവളെ മരണത്തിൻ കയ്യിലേൽപ്പിക്കുമ്പോഴും
കരഞ്ഞിരിക്കാം അമ്മ മനസ്സ് തൻ പറക്കമുറ്റാത്ത പൈതങ്ങളെ
പിരിഞ്ഞിടാനാകാതെ നെഞ്ചകം പിഞ്ഞി മരണത്തിനോടവൾ
തിരിച്ചൊന്നു പോരുവാൻ തപിക്കുമാ ആത്മാവു കേണിരിക്കാം

ഇടനെഞ്ചിൽ തുളുമ്പിയ താരാട്ടുപാട്ടുകൾ
പാടാൻ കഴിയാതെ തൊണ്ടയിൽ കുറുകി മരിച്ചിരിക്കാം
അഗ്നിയിൽ ചാമ്പലായ് തീരുന്ന നേരവും
ആത്മാവ് നൊമ്പര ചൂടിൽ പിടഞ്ഞിരിക്കാം.

ഭ്രാന്തിയാണെങ്കിലും പേറ്റുനോവറിഞ്ഞവൾ അമ്മ
ഭ്രാന്തിനെ തോൽപിച്ചു തന്റെ പെൺമക്കളെ
മരണം വരെയും ഊട്ടി ഉറക്കി ചിറകിലൊളിപ്പിച്ച്
താരാട്ടിന്നീണം ഇടനെഞ്ചിലേറ്റിയവൾ അമ്മ