തിരുവനന്തപുരം: സിഐഎസ്‌എഫ് ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജവാന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് ആശ്വാസം പകരുന്നതിനുമായി ഒരു മുതിര്‍ന്ന സിഐഎസ്‌എഫ് ഉദ്യോ​ഗസ്ഥനെ കണ്ണൂരിലേയ്ക്ക് ഉടന്‍ അയയ്ക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്ന് സിഐഎസ്‌എഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

ജവാന്മാരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സിഐഎസ്‌എഫ് ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു . മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സംസ്ഥാന പൊലീസ് മേധാവി സിഐഎസ്‌എഫ് ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചത്.