മൂത്ത മകള്‍ നിരഞ്ജനയ്‌ക്ക് എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച സന്തോഷം പങ്കുവച്ച്‌ മുന്‍ എംപിയും സിപിഎം നേതാവുമായ എം.ബി.രാജേഷ്. ഭാര്യ നിനിതയ്‌ക്ക് ഈ അടുത്ത കാലത്ത് ഡോക്‌ടറേറ്റ് ലഭിച്ച സന്തോഷവും രാജേഷ് ഫെയ്‌സ്‌ബുക്കിലൂടെ പങ്കുവച്ചു. എല്ലാ വിഷയത്തിലും എ പ്ലസ് എന്നത് ഒരു മഹാകാര്യമായിട്ടൊന്നും തോന്നിയിട്ടില്ലെന്നും എന്നാല്‍ ഈ നേട്ടം മകള്‍ക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും രാജേഷ് കുറിച്ചു. പ്രൊഫ.കെ.പി.അപ്പന്റെ രചനകളെ മുന്‍നിര്‍ത്തി മലയാള സാഹിത്യത്തിലെ പ്രത്യയശാസ്ത്ര സമീപനങ്ങളെക്കുറിച്ചായിരുന്നു ഭാര്യ നിനിത ഗവേഷണം നടത്തിയിരുന്നതെന്നും രാജേഷ് കുറിച്ചു. കുറ്റമറ്റ നിലയില്‍ പരീക്ഷ നടത്തി റെക്കോഡ് വേഗത്തില്‍ ഫലം പ്രഖ്യാപിച്ച സര്‍ക്കാരിന്റെ കാര്യക്ഷമതയെ അഭിനന്ദിക്കുന്നതായും രാജേഷ് പറഞ്ഞു.

എം.ബി.രാജേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

വളരെ വ്യക്തിപരമായ ഒരു സന്തോഷം നിങ്ങളുമായി പങ്കിടുകയാണ്. മൂത്ത മകള്‍ നിരഞ്ജനക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചതാണത്. എല്ലാ വിഷയത്തിനും എ പ്ലസ് എന്നത് ഒരു മഹാകാര്യമായിട്ടൊന്നും ഒരിക്കലും തോന്നിയിട്ടില്ല. പരീക്ഷ, മാര്‍ക്ക്, ഗ്രേഡ് എന്നീ അളവുകോലുകളുടെ പരിമിതികളെക്കുറിച്ചും ബോധ്യമുണ്ട്. അപ്പോഴും നിരഞ്ജനക്ക് ഇത് പകരുന്ന ആഹ്‌ളാദവും ആത്മവിശ്വാസവും ചെറുതല്ല എന്ന് തിരിച്ചറിയുന്നു. പാലക്കാട് പിഎംജി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് അവള്‍ പഠിച്ചത്. എസ്‌എഫ്‌ഐയുടെ പ്രവര്‍ത്തകയും സ്കൂള്‍ ലീഡറുമാണ്. അതിനിടയിലും പഠനത്തില്‍ മികവ് പുലര്‍ത്തിയതില്‍ പഴയ എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ എനിക്കും നിനിതക്കും പ്രത്യേക സന്തോഷമുണ്ട്.

അടുത്ത കാലത്തുണ്ടായ മറ്റൊരു സന്തോഷം നിനിതക്ക് ഡോക്ടറേറ്റ് ലഭിച്ചതാണ്. അധ്യാപക ജോലിയുടേയും വീട്ടുജോലിയുടേയും വലിയ പ്രാരാബ്‌ധങ്ങള്‍ക്ക് മക്കളുടെ കാര്യങ്ങളെല്ലാം നോക്കേണ്ടതിനിടയിലുമായി കഠിനമായി പ്രയത്നിച്ചാണ് നിനിത ഗവേഷണം പുര്‍ത്തിയാക്കിയത്. പ്രൊഫ:കെ.പി.അപ്പന്റെ രചനകളെ മുന്‍നിര്‍ത്തി മലയാള സാഹിത്യത്തിലെ പ്രത്യയശാസ്ത്ര സമീപനങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം. നിരഞ്ജനയുടെ പഠനത്തിലും പ്രധാന വഴികാട്ടി അമ്മ തന്നെ. എന്റെ വക പിന്തുണയും അത്യാവശ്യ ഘട്ടത്തിലെ സഹായവും മാത്രം.

ഫോട്ടോയില്‍ നിരഞ്ജനക്കും നിനിതക്കുമൊപ്പമുള്ളത് ഇളയവള്‍ പ്രിയദത്ത. മണപ്പുള്ളിക്കാവ് ഗവ.എല്‍.പി.സ്‌കൂളില്‍ നാലാം ക്ലാസിലെ പാഠങ്ങള്‍ അവളിപ്പോള്‍ വീട്ടിലെ ടിവിക്ക് മുന്നിലിരുന്ന് ഓണ്‍ലൈനായി പഠിക്കുന്നു.

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍. ഒപ്പം ഇന്ത്യയില്‍ മറ്റെവിടെയും സാധ്യമാകാത്ത,പ്രതികൂല സാഹചര്യത്തിലും കേരളത്തില്‍ കുറ്റമറ്റ നിലയില്‍ പരീക്ഷ നടത്തി റെക്കോഡ് വേഗത്തില്‍ ഫലം പ്രഖ്യാപിച്ച സര്‍ക്കാരിന്റെ കാര്യക്ഷമതയ്ക്കും അഭിവാദനങ്ങള്‍.