കൊല്ലം: എസ്.എന്‍ കോളജ് സുവര്‍ണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി ആണ് എസ്പി ഷാജി സുഗുണന്‍്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം വെള്ളാപ്പള്ളി നടേശനേ ചോദ്യം ചെയതത്. രണ്ടര മണിക്കൂലധികം നീണ്ട ചോദ്യം ചെയ്യലില്‍ ഫണ്ട് തട്ടിപ്പ് കേസിലെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞു.

ജൂബിലി ആഘോഷങ്ങള്‍ക്കായി പിരിച്ചെടുത്ത തുകയില്‍ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നതാണ് കേസ്. പതിനാറു വര്‍ഷത്തിനു ശേഷം, ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആണ് ക്രൈംബ്രാഞ്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളിക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കുന്നത്. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് ഇത് സംബന്ധിച്ച്‌ നിലപാടറിയിച്ചിരുന്നു. കൊവിഡ് ആയതിനാല്‍ ചോദ്യം ചെയ്യല്‍ നീണ്ടു പോയിരുന്നു.

1997 98ല്‍ കൊല്ലം എസ്‌എന്‍ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന്‍ എക്‌സിബിഷനും പിരിവും നടത്തി. കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സുവര്‍ണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശന്‍ വകമാറ്റിയെന്നാണ് പരാതി. പതിനഞ്ചു വര്‍ഷം മുമ്ബ് തുടങ്ങിയ അന്വേഷണമാണ് ക്രൈം ബ്രാഞ്ച് പൂര്‍ത്തിയാക്കിയിരിക്കുന്നത്.