പാട്‌ന: ബീഹാറിലെ പാട്‌നയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 95 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നവവരന്‍ മരിച്ചതിന് പിന്നാലെയാണ് വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സഥിരീകരിച്ചത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ മുപ്പതുകാരനാണ് വരന്‍. ഇയാള്‍ക്ക് കൊവിഡിന് സമാനമായ ലക്ഷണങ്ങളുണ്ടായിരുന്നു. ജൂണ്‍ 15ന് വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാണ് ഇയാള്‍ മരിച്ചത്. അതേസമയം കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിട്ട് കൂടി സവ്ര പരിശോധന നടത്താതെ വരന്റെ മൃതദേഹം സംസ്‌കരിച്ചതും വിവാദമായിരിക്കുകയാണ്.

മെയ് 12 നാണ് കല്യാണത്തിനായി വരന്‍ നാട്ടില്‍ എത്തിയത്. ഈസമയത്ത് നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും അത് കാര്യമാക്കാതെ, കല്യാണവുമായി മുന്നോട്ടുപോയി. കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം യുവാവിന്റെ ആരോഗ്യനില മോശമായി. തുടര്‍ന്ന് എയിംസിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം വധുവിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്.

അതിനിടെ, കോവിഡ് പരിശോധന നടത്താതെ കുടുംബക്കാര്‍ വരന്റെ ശവസംസ്‌കാരം നടത്തി. വൈകിയാണ് ഇക്കാര്യം പട്‌ന ഭരണകൂടം അറിഞ്ഞത്. തുടര്‍ന്ന് വലിയ തോതില്‍ മേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് 95 കോവിഡ് കേസുകള്‍ കണ്ടെത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച വരന്റെ കുടുംബത്തിന് എതിരെ നടപടിക്ക് ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.